വയനാടിന്‍റെ ഔദ്യോഗിക പ്രതിനിധിയായി സഹോദരിയും അനൗദ്യോഗിക പ്രതിനിധിയായി താനും ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധിയെ വയനാട്ടുകാര്‍ കൂടെ നിര്‍ത്തുമെന്ന് ഉറപ്പുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എനിക്ക് നൽകിയ സ്നേഹം പ്രിയങ്കയ്ക്കും നല്‍കണം. നിങ്ങള്‍ വയനാട്ടുകാരെ ഞാൻ എന്‍റെ സഹോദരിയെ ഏല്‍പ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.എന്‍റെ കൈയിൽ ഉള്ള രാഖി പ്രിയങ്ക കെട്ടിയതാണ്. ഇത് പൊട്ടുന്നത് വരെ അഴിച്ചു മാറ്റില്ല. അതുപോലെ അറ്റുപോകാത്ത ബന്ധം പോലെ തന്‍റെ സഹോദരിയെ വയനാട്ടിലെ പ്രിയപ്പെട്ടവര്‍ നോക്കണമെന്നും കൂടെയുണ്ടാകുമെന്നാണ് നൽകാനുള്ള ഉറപ്പമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വയനാട്ടുകാരെ പ്രിയങ്ക കുടുംബമായി കാണുന്നു. തന്‍റെ അച്ഛൻ മരിച്ചപ്പോള്‍ അമ്മയെ നോക്കിയത് പ്രിയങ്കയാണ്. കുടുംബത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നയാളാണ് പ്രിയങ്ക ഗാന്ധി. കൂട്ടുകാര്‍ക്ക് എന്ത് പ്രശ്നമുണ്ടായാലും ചെറുപ്പം മുതലെ അവര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ് പ്രിയങ്ക.വയനാട്ടുകാരുടെ എന്ത് പ്രശ്നത്തിലും പ്രിയങ്ക ഗാന്ധി കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ട്. വയനാട്ടിലെ ജനങ്ങളുടെ പൂര്‍ണ പിന്തുണ സഹോദരിക്കുണ്ടാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.