BREAKING NEWSKERALALATEST

‘അജന്‍ഡകളുള്ള തിരക്കഥ റിലീസിന്റെ അന്നുതന്നെ പൊട്ടി, ജയസൂര്യ ജനങ്ങളുടെ മുന്നിലല്ല അഭിനയിക്കേണ്ടത്’: കൃഷിമന്ത്രി

കോട്ടയം: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാത്തതുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യ കളമശ്ശേരിയിലെ പരിപാടിയില്‍നടത്തിയ വിമര്‍ശനത്തില്‍ വീണ്ടും പ്രതികരണവുമായി കൃഷിമന്ത്രി പി. പ്രസാദ്. ജയസൂര്യ നല്ല അഭിനേതാവാണെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങളുടെ മുമ്പാകെയല്ല അഭിനയം കാഴ്ചവെക്കേണ്ടതെന്നും പറഞ്ഞു. പ്രതികരണത്തിന് പിന്നില്‍ അജന്‍ഡയുണ്ട്. ഇത് നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രതികരണമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൃഷ്ണപ്രസാദടക്കം പാടശേഖരത്തിലെ മുഴുവന്‍പേരും മാസങ്ങള്‍ക്ക് മുമ്പേ നെല്ലിന്റെ വില വാങ്ങിച്ചതാണ്. അദ്ദേഹത്തിന്റെ പേരിലാണ് നെല്ലിന്റെ പൈസ കിട്ടിയിട്ടില്ലെന്ന് വന്നുനിന്ന് പറയുന്നത്. അരങ്ങുതകര്‍ക്കാന്‍ എത്ര കാപട്യമാണ് രംഗത്തേക്കിറക്കുന്നത്? എത്രമാത്രം അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിച്ചാലും സത്യത്തിന്റെ നേര്‍ക്ക് കുതിക്കുന്നൊരു ജനത കേരളത്തിലുണ്ടെന്ന് 2021-ലെ തിരഞ്ഞെടുപ്പ് കാഴ്ചവെച്ച കാര്യമാണെന്നും പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത എല്‍.ഡി.എഫ്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പി. പ്രസാദ് പറഞ്ഞു.
‘ജയസൂര്യ നല്ല അഭിനേതാവാണ്. പക്ഷേ, പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അഭിനയിക്കാന്‍ പാടില്ലാത്തതാണ്. അദ്ദേഹത്തിലെ നടനെ ആദരവോടെയാണ് എപ്പോഴും കാണുന്നത്. എന്നാല്‍, ജനങ്ങളുടെ മുമ്പാകെയല്ല അഭിനയം കാഴ്ചവെക്കേണ്ടത്. അത് കേവലമായൊരു നാട്യം മാത്രമായിപ്പോയി’, പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘വളരെ പ്ലാന്‍ഡ് ആയിരുന്നു കളമശ്ശേരിയില്‍നടന്നത്. കേവലമായി സിനിമയെന്നോ നാടകമെന്ന പറയാവുന്ന തരത്തില്‍ സംഭവത്തെ ക്രിയേറ്റ് ചെയ്യുകയായിരുന്നു. നല്ല തിരക്കഥയുണ്ട്, പക്ഷേ അത് യാഥാര്‍ഥ്യങ്ങളുടെ മുമ്പില്‍ പൊളിഞ്ഞുപോകുന്ന ഒന്നായിപ്പോയി. ആ തിരക്കഥ മോശപ്പെട്ട തിരക്കഥയായിപ്പോയി. അത്തരം തിരക്കഥയ്ക്ക് മുന്നില്‍ ജയസൂര്യയെപ്പോലുള്ളവര്‍ ആടരുത് എന്നാണ് അപേക്ഷ. കാര്‍ഷികോത്പന്നങ്ങള്‍ വിറ്റുകിട്ടിയ പണംകൊണ്ട് ഓഡി കാര്‍ വാങ്ങിയ ചെറുപ്പക്കാരന്‍ കളമശ്ശേരിയിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. എല്ലാവരും കൃഷിയില്‍നിന്ന് മാറിപ്പോകുന്നുവെന്ന് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത, ചില അജന്‍ഡകളുടെ ഭാഗമായി തയ്യാറാക്കിയ തിരക്കഥയാണ്. അത് റിലീസായ അന്നുതന്നെ പൊട്ടിപ്പോകുന്നു എന്നുള്ളത് ദയനീയമായ കാര്യവുമാണ്’, പി. പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker