BREAKINGKERALA
Trending

അജ്മലിനെ പൂട്ടാന്‍ പോലീസ്; ശ്രീക്കുട്ടിയുടെ രക്തസാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും

ശാസ്താംകോട്ട(കൊല്ലം):മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയായ ആനൂര്‍ക്കാവ് സ്വദേശി കുഞ്ഞുമോളെ കാര്‍കയറ്റിക്കൊന്ന കേസിലെ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മലി(29)നെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ്.നീചമായ കുറ്റകൃത്യമായി കണക്കാക്കി പരമാവധി ശിക്ഷ ലഭ്യമാക്കനുള്ള തീവ്രശ്രമത്തിലാണ് ശാസ്താംകോട്ട പോലീസ്. അജ്മല്‍ മദ്യപിച്ചിട്ടുണ്ടെന്ന് അറസ്റ്റ് ചെയ്തപ്പോള്‍ വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. അയാളുടെമേല്‍ ബോധപൂര്‍വമായ നരഹത്യക്കുറ്റവും ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.
കടയില്‍നിന്ന് സാധനംവാങ്ങി സ്‌കൂട്ടറില്‍ മറുഭാഗത്തേക്ക് കടക്കുന്നതിനിടെ ദിശ തെറ്റി അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് കുഞ്ഞുമോള്‍ മരിച്ചത്. താഴെ വീണ കുഞ്ഞുമോളുടെ നെഞ്ചിലൂടെ കാര്‍ രണ്ടുതവണ കയറ്റിയിറക്കിയതാണ് മരണകാരണം.
അജ്മലിനും ഡോ. ശ്രീക്കുട്ടിക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ പോലീസിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടാകണമെന്ന് കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദ്, മക്കളായ സോഫിയ, അല്‍ഫിയ എന്നിവര്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ കുഞ്ഞുമോളുടെ വീട്ടിലെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. റൂറല്‍ എസ്.പി. നേരിട്ടാണ് അന്വേഷണപുരോഗതി വിലയിരുത്തുന്നത്.
ഇടിച്ച കാര്‍ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച ഫൊറന്‍സിക് സംഘമെത്തി കാര്‍ പരിശോധിച്ചു. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കാര്‍ കോടതിക്ക് കൈമാറും.
അജ്മല്‍ വിവിധ കേസുകളില്‍ പ്രതിയായതിനാല്‍ കാറിന്റെ ഉടമയെ സംബന്ധിച്ചും പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. അജ്മലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് കുന്നത്തൂര്‍ ആര്‍.ടി.ഓഫീസും നടപടി തുടങ്ങി. വനിതാ ഡോക്ടറുടെ രക്തസാമ്പിള്‍ ബുധനാഴ്ച പരിശോധനയ്ക്ക് അയയ്ക്കും.
ഫലം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. അവരെ ആശുപത്രി ജോലിയില്‍നിന്ന് കഴിഞ്ഞദിവസം പുറത്താക്കി.അജ്മലിന്റെ പേരില്‍ കരുനാഗപ്പള്ളി സ്റ്റേഷന്‍ പരിധയിലുള്ള കേസുകളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ടെന്നാണ് വിവരം.

Related Articles

Back to top button