BREAKINGKERALA

‘അജ്മല്‍ ക്രിമിനല്‍ ആണെന്ന് അറിഞ്ഞിരുന്നില്ല’, ഞങ്ങള്‍ ലഹരി ഉപയോഗിക്കാറുണ്ട്’; ശ്രീകുട്ടിയുടെ മൊഴി

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ മൊഴിയുടെ വിശദാശംങ്ങള്‍ പുറത്ത്. അജ്മല്‍ ക്രിമിനല്‍ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഡോക്ടര്‍ ശ്രീക്കുട്ടിയുടെ മൊഴി. സിനിമ കൊറിയോഗ്രാഫറാണെന്ന് പറഞ്ഞാണ് അജ്മല്‍ പരിചയപ്പെട്ടതെന്ന് ഡോക്ടര്‍ ശ്രീക്കുട്ടി പൊലീസിന് മൊഴി നല്‍കി. താനും അജ്മലും മദ്യം ഉപയോഗിക്കാറുണ്ട് പണവും സ്വര്‍ണ്ണവും നല്‍കിയത് അജ്മല്‍ ആവശ്യപ്പെട്ട പ്രകാരമാണെന്നുമാണ് ശ്രീകുട്ടിയുടെ മൊഴി.
ഭയം കൊണ്ടാണ് താന്‍ വാഹനവുമായി രക്ഷപ്പെട്ടതെന്ന് അജ്മല്‍ പൊലീസിനോട് പറഞ്ഞു. പിന്‍തുടര്‍ന്നവരില്‍ ചിലരുമായി തനിക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് അജ്മലിന്റെ മൊഴി. പ്രതികള്‍ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന വിവരവും പൊലീസ് ലഭിച്ചു. ഇതോടെ പ്രതികളുടെ രക്തസാമ്പിളുകളില്‍ രാസ ലഹരി സാന്നിധ്യം കണ്ടെത്താനും പരിശോധന നടത്തും.
അതേസമയം ഡോക്ടര്‍ ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം അംഗീകാരം ഉള്ളതാണോയെന്നതിലും അന്വേഷണം ആരംഭിച്ചു. സേലത്തെ വിനായക മിഷന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നുമാണ് പോലീസ് വിവരങ്ങള്‍ തേടുക. ഡോക്ടര്‍ ശ്രീക്കുട്ടിയ്ക്ക് എതിരായ കേസ് സംബന്ധിച്ച റിപ്പോര്‍ട്ടും ആരോഗ്യ വകുപ്പിന് പോലീസ് ഉടന്‍ കൈമാറും. ശ്രീക്കുട്ടി ജോലി ചെയ്ത ആശുപത്രിയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അജ്മലെന്നും പൊലീസ് വിവരം ലഭിച്ചു. അതിനിടെ അജ്മലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.
നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതിയായ അജ്മലും ഡോക്ടര്‍ ശ്രീക്കുട്ടിയും. ഡോക്ടര്‍ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനില്‍ക്കുന്നതാണെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷണം നടത്തി. പ്രതികള്‍ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. തുടര്‍ന്ന് പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
കേസില്‍ ഇരുവര്‍ക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. മദ്യലഹരിയിലായിരുന്നു ഇരുവരുടെയും യാത്ര. അജ്മല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തില്‍ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) ആണ് മരിച്ചത്.

Related Articles

Back to top button