LATESTKERALAPOLITICS

അഞ്ചു തവണയില്‍ കൂടുതല്‍ മത്സരിച്ച തിരുവഞ്ചൂരിനും കെ.സി.ജോസഫിനും എം.എം.ഹസനും സീറ്റില്ല; യുഡിഎഫിലെ സീറ്റ് വീതം വയ്പ് കീറാമുട്ടിയാകുന്നു

തിരുവനന്തപുരം:യുഡിഎഫിലെ സീറ്റ് വീതം വയ്പ് കീറാമുട്ടിയായി തുടരവേ, വിട്ടുവീഴ്ച ചെയ്‌തേ പറ്റൂവെന്ന് ജോസഫ് വിഭാഗത്തോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. നാളെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗവും ചേരും. യുഡിഎഫിന്റെ പ്രാഥമിക സ്ഥാനാര്‍ത്ഥിപ്പട്ടികയായെന്ന് ഉമ്മന്‍ചാണ്ടി യോഗശേഷം വ്യക്തമാക്കി.

യുവാക്കള്‍ക്കും, പുതുമുഖങ്ങള്‍ക്കും, വനിതകള്‍ക്കും 50 ശതമാനത്തിലധികം സീറ്റുകള്‍ നല്‍കുമെന്നും ഈ മാനദണ്ഡമനുസരിച്ചാണ് സ്ഥാനാര്‍ത്ഥിനിര്‍ണയം മുന്നോട്ട് പോകുന്നതെന്നും യോഗശേഷം ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. രണ്ട് പ്രാവശ്യത്തിലധികം മത്സരിച്ച് തോറ്റവര്‍ക്ക് സീറ്റ് നല്‍കില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവരെയും പരിഗണിക്കില്ല. നാളത്തെ യോഗത്തില്‍ പ്രകടനപത്രിക അന്തിമമായി തീരുമാനിക്കും. ഇക്കാര്യത്തില്‍ യുഡിഎഫ് ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

തുടര്‍ച്ചയായി രണ്ട് തവണ തോറ്റവര്‍ക്ക് സീറ്റില്ലെന്ന മാനദണ്ഡം അധികം പേരെ ബാധിക്കില്ലെങ്കിലും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ച ചില നേതാക്കള്‍ക്ക് തിരിച്ചടിയായി.പന്തളം സുധാകരന്‍, എം ലിജു, പിടി അജയമോഹന്‍ എന്നിവര്‍ക്കാണ് ഈ മാനദണ്ഡം വിലങ്ങ് തടിയാവുക.ഇതില്‍ പന്തളവും ലിജുവു വീണ്ടും ഇറങ്ങാനഗ്രാഹിക്കുന്നവരും ജില്ലകളില്‍നിന്നുള്ള സാധ്യതാ പട്ടികയിലുള്ളവരുമാണ് . മത്സരരംഗത്തേക്കില്ലെന്ന് അജയമോഹന്‍ പാര്‍ട്ടിയെ നേരത്തെ അറിയിച്ചിരുന്നു. ലിജുവിനും പന്തളത്തിനും ഇളവ് നല്‍കുമോ എന്നാണ് അറിയേണ്ടത്.

അഞ്ചു തവണ മത്സരിച്ചവര്‍ക്ക് സീറ്റു നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്റെ മറ്റൊരു നിര്‍ദ്ദേശം ഇതനുസരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ,കെ.സി.ജോസഫ്, എം.എം.ഹസന്‍ അടക്കമുള്ള നേതാക്കള്‍ പട്ടികയ്ക്ക് പുറത്താവും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് മാത്രം ഇളവു നല്‍കിയാല്‍ മതിയെന്നാണ് നിലവിലെ ധാരണ

നാളെ തിരുവനന്തപുരത്ത് സ്‌ക്രീനിംഗ് കമ്മിറ്റി ചേര്‍ന്ന ശേഷമാകും പ്രാഥമികപട്ടിക ദില്ലിയിലേക്ക് ഹൈക്കമാന്‍ഡിന് നല്‍കുക. ഹൈക്കമാന്‍ഡിന്റെ സ്‌ക്രൂട്ടിനി കമ്മിറ്റി ഈ പട്ടിക പരിശോധിച്ച ശേഷമാകും അന്തിമപട്ടിക തയ്യാറാക്കുക. എന്നാല്‍ എന്ന് പട്ടിക വരുമെന്ന കാര്യം പറയാന്‍ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ തയ്യാറായില്ല. എഐസിസിയുമായുള്ള ചര്‍ച്ചക്ക് ശേഷം 10ന് മുമ്പ് പട്ടിക പ്രഖ്യാപിക്കുമെന്നാണ് സൂചന.

അതിവേഗം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനാണ് തിരുവനന്തപുരത്ത് സമിതി ചേര്‍ന്നത്. പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കുമൊക്കെ അവസരം ഉണ്ടാകുമെന്നൊക്കെ പറഞ്ഞെങ്കിലും ജില്ലകളില്‍ തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ഇപ്പോഴും നിരവധി തവണ മത്സരിച്ച നേതാക്കളുടെ പേര് തന്നെയാണ് മുന്‍പന്തിയിലുള്ളത്. സിപിഎമ്മിലെ പോലെ പലവട്ടം മത്സരിച്ചവരെ കോണ്‍ഗ്രസ്സും വെട്ടിനിരത്തുമോ അതോ പഴയ പടക്കുതിരകള്‍ തന്നെയിറങ്ങുമോ എന്നതാണ് അറിയേണ്ടത്.

Related Articles

Back to top button