BREAKING NEWSKERALALATEST

അഞ്ച് വര്‍ഷം, 259 കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് പോയി, കാരണം മദ്യവും അശ്രദ്ധയും

കൊച്ചി: ഗതാഗത നിയമം ലംഘിച്ചതിന് അഞ്ചു വര്‍ഷത്തിനിടെ ഗതാഗത വകുപ്പ് റദ്ദാക്കിയത് 259 കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ ലൈസന്‍സ്. അമിതവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവയ്ക്കാണ് കൂടുതല്‍ പേരുടെയും ലൈസന്‍സ് റദ്ദാക്കിയത്. ലോക്ഡൗണ്‍ കാലഘട്ടമായിരുന്ന 2020ല്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി വരാതിരുന്നത്.
2016 മേയ് മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കണക്കുകളാണ് ഗതാഗത വകുപ്പ് നല്‍കിയത്. ഈ കാലഘട്ടത്തില്‍ അപകടങ്ങളുടെ എണ്ണത്തിലും കേരളം മുന്‍പന്തിയിലാണ്. 2016 മുതല്‍ 2021 ജൂലായ് വരെ 2,05,512 അപകടങ്ങളിലായി 22076 പേരാണ് മരിച്ചത്. കൂടാതെ 2,29,229 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അഞ്ചു വര്‍ഷത്തിനിടെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 51,198 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം വാഹനങ്ങളുടെ എണ്ണം നിരത്തില്‍ കുറവായിരുന്ന 2020ല്‍ 883 പേര്‍ക്കാണ് നിയമ നടപടിയിലൂടെ ലൈസന്‍സ് നഷ്ടമായത്. ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം 997 പേരുടെ ലൈസന്‍സ് നഷ്ടമായി.
അപകടരമായ രീതിയില്‍ വാഹനം ഓടിച്ചവര്‍, ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ച് വാഹനം ഓടിച്ചവര്‍, അമിത ഭാരം കയറ്റി ചരക്കുവാഹനം ഓടിച്ചവര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചവര്‍, ചരക്കുവാഹനത്തില്‍ ആളുകളെ കയറ്റി വാഹനം ഓടിച്ചവര്‍ തുടങ്ങിയവരും ഡ്രൈവിങ് ലൈസന്‍സ് നഷ്ടമായവരില്‍ ഉള്‍പ്പെടുന്നു.
റോഡപകടങ്ങളുടെ എണ്ണം ദിവസേന വര്‍ധിച്ചുവരികയാണ്, ഇതിനൊപ്പം ഗതാഗത നിയമലംഘനങ്ങളും. ഈ സാഹചര്യത്തിലാണ് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ തുടങ്ങിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

**

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker