BREAKING NEWSKERALA

അടക്കിവെച്ച വിതുമ്പല്‍ ഒടുവില്‍ പിണറായി വിങ്ങിപ്പൊട്ടി;’കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കേണ്ടി വരുമെന്ന് കരുതിയില്ല’

കണ്ണൂര്‍:’കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കേണ്ടി വരുമെന്ന് കരുതിയില്ല’ ഇങ്ങനെ പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രിക്ക് തന്റെ വാക്കുകള്‍ പൂര്‍ത്തിയാക്കാനായില്ല… കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗത്തില്‍ സംസാരിക്കുന്നതിനിടെ കണ്ഠമിടറി വാക്കുകള്‍ കിട്ടാതെ പ്രയാസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. അനുശോചന പ്രസംഗം പൂര്‍ത്തിയാക്കാനാവാതെ മുഖ്യമന്ത്രി ഇരിപ്പടത്തിലേക്ക് മടങ്ങി. കോടിയേരിയുടെ വിയോഗം ഉണ്ടാക്കിയ നഷ്ടം എളുപ്പം പരിഹരിക്കാനാവുന്നല്ല. കൂട്ടായ പരിശ്രമത്തിലൂടെ അത് നികത്താനാണ് ശ്രമിക്കുകയെന്ന് പറഞ്ഞതോടെ മുഖ്യമന്ത്രിക്ക് തൊണ്ടയിടറി. വാക്കുകള്‍ കിട്ടാതായതോടെ അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇരിപ്പടത്തിലേക്ക് മടങ്ങുകയായിരുന്നു.
പിണറായിയും കോടിയേരിയും സ്ഥലങ്ങള്‍ തമ്മില്‍ കിലോമീറ്ററുകളുടെ ദൂരമുണ്ടായിരുന്നെങ്കിലും ഇരുവരുടേയും മനസ്സുകള്‍ തമ്മില്‍ ഒരിഞ്ച് ദൂരമുണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയും ഓര്‍ത്തെടുത്തത്. പിണറായിയോട് ചേര്‍ന്ന തന്നെയായിരുന്നു കോടിയേരിയുടെ രാഷ്ട്രീയ യാത്ര. പാര്‍ട്ടി ഉപദേശകനായി, പ്രതിസന്ധികളില്‍ പരിഹാരമായി, ഏത് സമസ്യക്കും ഉത്തരമായി നിലനിന്നിരുന്ന ആളെകൂടിയാണ് പിണറായി വിജയന് നഷ്ടമായിരിക്കുന്നത്. മണിക്കൂറുകളോളം പിടിച്ചടക്കി വെച്ചിരുന്ന വിതുമ്പലാണ് അനുശോചനയോഗത്തില്‍ കണ്ഠമിടറലായി, നിറഞ്ഞ കണ്ണുകളായി പുറത്തുവന്നത്.
നടന്നുതീര്‍ത്ത രാഷ്ട്രീയ വഴികളിലെല്ലാം ഒപ്പമുണ്ടായിരുന്ന സ്‌നേഹസതീര്‍ഥ്യന്റെ അന്ത്യയാത്രയിലുംപിണറായി വിജയന്‍ ഒപ്പം ചേര്‍ന്നുനിന്നിരുന്നു. അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നാരംഭിച്ച വിലാപയാത്രയ്‌ക്കൊപ്പം കാല്‍നടയയായി രണ്ടര കിലോമീറ്റര്‍ മുഖ്യമന്ത്രിയും ചേര്‍ന്നു. പയ്യാമ്പലത്തെത്തിച്ച കോടിയേരിയുടെ മൃതദേഹം ചിതയിലേക്കെടുക്കുമ്പോഴും ശവമഞ്ചം ചുമലിലേറ്റാന്‍ പിണറായി മുന്നില്‍ നിന്നു. പിണറായിയെ കൂടാതെ പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എംഎ ബേബി തുടങ്ങിയ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും ശവമഞ്ചം ചുമലിലേറ്റി നടന്നു.
സഖാവ് കോടിയേരി ബാലകൃഷ്ണന്‍ വിട പറഞ്ഞു എന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് കോടിയേരിയുടെ വിയോഗ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലും കുറിച്ചത്. മരണം തീവ്രമായ വേദനയാണ് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങളെന്നും മുഖ്യമന്ത്രി കുറിച്ചു.
ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് ഞങ്ങള്‍. സഹോദരന്‍ നഷ്ടപ്പെടുന്ന വേദന വിവരണാതീതമാണ്. രോഗം ബാധിച്ചപ്പോള്‍ സാധ്യമായ എല്ലാ ചികിത്സയും നല്‍കണമെന്നത് ഞങ്ങളുടെ എല്ലാം നിര്‍ബന്ധമായിരുന്നു. എന്നാല്‍ വളരെ വേഗം തന്നെ ചികിത്സ ഫലിക്കാത്ത തരത്തിലേക്ക് അസുഖം വളരുകയായിരുന്നു. സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് പൊടുന്നനെ സംഭവിച്ചിരിക്കുന്നു. പക്ഷേ, സഖാവ് കോടിയേരിക്ക് മരിക്കാനാവില്ല ഈ നാടിന്റെ, നമ്മുടെയാകെ ഹൃദയങ്ങളില്‍ ആ സ്‌നേഹസാന്നിധ്യം എന്നുമുണ്ടാകുമെന്നും പിണറായി കുറിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker