കൊച്ചി: വടക്കഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ടൂറിസ്റ്റ് ബസ് സര്‍വീസ് നടത്തിയതു സ്കൂള്‍, കോളജ് വിനോദയാത്ര സംബന്ധിച്ചു ഗതാഗതവകുപ്പു പുറത്തിറക്കിയ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച്. വിദ്യാര്‍ഥികളുമായുള്ള വിനോദയാത്രയ്ക്കു സ്കൂള്‍ അധികൃതര്‍ ബസ് വിളിച്ചത് ഉന്നതതല ഉത്തരവു പാലിക്കാതെയെന്നും ആക്ഷേപമുയര്‍ന്നു.
ഗതാഗത വകുപ്പു കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഈ ബസിനെതിരെ അഞ്ചോളം കേസ് നേരത്തെ എടുത്തതായി ആര്‍ടിഒ വൃത്തങ്ങള്‍ വെളിപ്പെടുത്തി. നടപടികള്‍ ഉണ്ടായിട്ടും ഉത്തരവുകള്‍ പാലിക്കാതെ കാതടപ്പിക്കുന്ന ഹോണും ആഡംബര ലൈറ്റുകളും ഉപയോഗിച്ചിരുന്നു എന്നത് വിനോദയാത്ര തുടങ്ങുംമുന്പ് പകര്‍ത്തിയ ചില വിഡിയോകളില്‍ വ്യക്തമാണ്. ബസ് ഓടുന്ന സമയം സ്പീഡ് ഗവര്‍ണര്‍ വേര്‍പെടുത്തി ഇട്ടിരുന്നതായാണ് വ്യക്തമാകുന്നതെന്നും ആര്‍ടിഒ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ബസ് കോട്ടയം സ്വദേശിയുടേതാണ്.
സ്കൂള്‍ കോളജ് വിദ്യാര്‍ഥികളുടെ വിനോദ, പഠന യാത്രകളില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ഹോണുകളും ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ ഉപയോഗിക്കരുത് എന്ന ഗതാഗത കമ്മിഷണറേറ്റിന്റെയും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകള്‍ പാലിച്ചിട്ടില്ല എന്നതും വ്യക്തമാണ്. ഈ വര്‍ഷം ജൂലൈ 7 നാണ് ഗതാഗത കമ്മിഷണര്‍ ഇത് സംബന്ധിച്ച് വിവിധ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഇത്തരത്തിലുള്ള വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതായും ആര്‍ടിഒമാര്‍ പിടിച്ചെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതായും ഇതുസംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്കു പോകുന്ന വാഹനങ്ങള്‍ റീജനല്‍ ട്രാന്‍സ്പോര്‍ട് ഓഫിസുകളില്‍ കാണിച്ച് ഫിറ്റ്നസ് ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു.