BREAKING NEWSKERALA

‘അടുത്തയാഴ്ച മുതല്‍ കടകള്‍ തുറക്കും’: സര്‍ക്കാര്‍ എതിര്‍ത്താല്‍ നേരിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാറ്റഗറിയിലുമുള്ള കടകള്‍ അടുത്തയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എതിര്‍പ്പുണ്ടായാല്‍ പ്രതിരോധിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് കൊവിഡ്19 കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരുന്ന സാഹചര്യത്തിലാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നിലപാട് വ്യക്തമാക്കിയത്. ഈ മാസം ഒന്‍പത് മുതല്‍ സംസ്ഥാനത്തെ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കും. സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെങ്കിലും കടകള്‍ തുറക്കുന്നതില്‍ മാറ്റമില്ല. മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകളാക്കി തിരിച്ചാല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാകുമെന്നും ടി നസറുദ്ദീന്‍ പറഞ്ഞു.
സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം ഉണ്ടാകണം. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാക്ക് വിശ്വസിച്ചാണ് കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും മുന്‍പ് പിന്നോട്ട് പോയത്. എന്നാല്‍, വാക്ക് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കടകള്‍ തുറക്കാനുള്ള നിലവിലെ തീരുമാനത്തില്‍ മാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അശാസ്ത്രീയ ലോക്ക്ഡൗണ്‍ പിന്‍ വലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച തീരുമാനമെടുക്കുന്ന സാഹചര്യത്തിലാണ് കോടതി ഹര്‍ജി മാറ്റിവച്ചത്. ഇക്കാര്യം കോടതി വ്യക്തമാക്കുകയും ചെയ്തു. സര്‍ക്കാര്‍ തീരുമാനം അറിഞ്ഞിട്ട് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker