KERALALATEST

അട്ടപ്പാടി മധു കേസ് പ്രതി സിപിഎം ബ്രാഞ്ച് സെക്രട്ടറി; വിവാദമായപ്പോള്‍ മാറ്റി

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ പ്രതിയെ സി പി എം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് കേസിലെ മൂന്നാം പ്രതി ഷംസുദ്ദീനെ തിരഞ്ഞെടുത്തത്. സംഭവം വിവാദമായതോടെ വീണ്ടും യോഗം വിളിച്ച് ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. ഹരീഷിനെ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.
ഇന്ന് ചേര്‍ന്ന മുക്കാലി ബ്രാഞ്ച് സമ്മേളനത്തിലാണ് മധു കേസ് പ്രതി ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കരുതെന്ന് ഏരിയാ ലോക്കല്‍ നേതൃത്വങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ വെല്ലുവിളിച്ചാണ് ബ്രാഞ്ച് സമ്മേളനത്തില്‍ ഷംസുദ്ദീനെ പാര്‍ടി അംഗങ്ങള്‍ സെക്രട്ടറിയാക്കിയത്. സംഭവം വിവാദമായതോടെ വീണ്ടും ബ്രാഞ്ച് യോഗം വിളിച്ച് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഏരിയാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ചതിന് കൂടുതല്‍ നടപടിയുണ്ടാകുമെന്ന് അട്ടപ്പാടി ഏരിയാ സെക്രട്ടറി സി പി ബാബു പറഞ്ഞു.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടമര്‍ദ്ദനത്തിലൂടെ കൊലപ്പെടുത്തുന്നത്. കാട്ടില്‍ നിന്നും പിടികൂടിയ മധുവിനെ കൈകള്‍ കെട്ടിയാണ് മര്‍ദ്ദിച്ചത്.സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് ഉള്‍പ്പടെ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിരുന്നു.
കേസില്‍ തൊണ്ണൂറ് ദിവസത്തിനകം പൊലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചെങ്കിലും ഇതുവരെയും വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ല.കേസില്‍ 16 പ്രതികളാണുള്ളത്. മുക്കാലി സ്വദേശികളായ ഹുസൈന്‍, മരക്കാര്‍, ഷംസുദ്ദീന്‍, അനീഷ്, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദീഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, അബ്ദുള്‍ കരീം, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് പ്രതികള്‍. റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന് മധുകേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത് സിപിഎമ്മിനുള്ളില്‍ വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker