GULFNRI

അഡ്വ. നിസാര്‍ കോച്ചേരിയുടെ തൊപ്പിയില്‍ പൂതിയ പൊന്‍തൂവലായി യമനി വധക്കേസ് വിധി

ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ.അഡ്വ. നിസാര്‍ കോച്ചേരിയുടെ തൊപ്പിയില്‍ പൂതിയ പൊന്‍തൂവലായി മാറുകയാണ് ഖത്തറിലെ യമനി വധക്കേസ് വിധി . ഖത്തറില്‍ സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതിനായി യമനിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രമാദമായ കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും  ചെയ്ത നിരവധി മലയാളികള്‍ക്ക് സൗജന്യനിയമസഹായം നല്‍കിയാണ് കോച്ചേരി സാമൂഹ്യ സേവനത്തിന്റെ വേറിട്ട മാതൃക കാഴ്ചവെച്ചത്.
ഖത്തറിലെ മലയാളി നിയമവിദഗ്ധനും സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. നിസാര്‍ കോച്ചേരിയുടെ ജയില്‍ സന്ദര്‍ശനവേളയില്‍  കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പലരും നിരപരാധികളാണെന്ന്  ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി, നോര്‍ക്ക എന്നിവയുടെ സഹകരണത്തോടെ സൗജന്യനിയമസഹായം ലഭ്യമാക്കിയതാണ് വെറുതെവിട്ട അധികമാളുകള്‍ക്കും തുണയായത്. അഡ്വ. നിസാര്‍ കോച്ചേരിയുടെ സമയോചിതമായ ഇടപെടലാണ് തന്റെ മകനെ രക്ഷിച്ചതെന്ന്് കോടതിവെറുതെ വിട്ട റസല്‍ അമീന്‍ റഷീദിന്റെ പിതാവ് റഷീദ് ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു. കോച്ചേരിയുടെ ഇടപെടലുകള്‍  വലിയ ആശ്വാസമാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
ലിനീത്, റസാല്‍ അമീന്‍ റഷീദ്, നിഖില്‍ ,ദിജീന്‍ പിലാക്കണ്ടി, നിയാസ്, ചെറിയ മുഹമ്മദ് , ഉസ് മാന്‍. ഇ.കെ, സാദിഖ്. ഇ.കെ, മുനീര്‍, ലുഖ്മാന്‍ കണ്ണയില്‍, മരളി , ശിഹാബ് , അനൂപ്, നൗഷാദ് എന്നിവരെയാണ് നിരപരാധികളെന്ന് കണ്ട് കോടതി വെറുതെവിട്ടത്. ഇതില്‍ ആദ്യത്തെ പതിനൊന്ന് പേര്‍ക്കും സൗജന്യ നിയമസഹായവും ഖത്തരീ കൗണ്‍സിലും ഏര്‍പ്പാടുചെയ്തത് അഡ്വ. നിസാര്‍ കോച്ചേരിയായിരുന്നു.
സാദിഖ്. ഇ.കെ, മുനീര്‍, ലുഖ്മാന്‍ കണ്ണയില്‍, മരളി എന്നിവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കിയതോടൊപ്പം ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് ഡിഫന്‍സ് സമര്‍പ്പിച്ചത്.
ഫയാസിനും സൗജന്യ നിയമസഹായവും എംബസി മുഖേന ഡിഫന്‍സും ശരിപ്പെടുത്തിയെങ്കിലും കോടതി 5 വര്‍ഷത്തെ തടവിനും വിധിച്ചു. യൂനുസ്, യഹ് യ എന്നിവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കിയ കോച്ചേരി അവരുടെ വക്കീലുമാരുമായി ബന്ധപ്പെട്ട കോര്‍ഡിനേഷനുകളും നടത്തി. ഇവര്‍ക്ക് രണ്ട് പേര്‍ക്കും 6 മാസത്തെ തടവും 3000 റിയാല്‍ പിഴയുമാണ് കോടതി വിധിച്ചത്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെകാലമായി ഖത്തറിലൈ പ്രവാസികളുടെ നിയമപരമായ സേവനങ്ങള്‍ക്ക് പ്രധാനമായും ചുക്കാന്‍ പിടിക്കുന്നത് അഡ്വ. നിസാര്‍ കോച്ചേരിയാണ്.  1990 കളില്‍ തന്നെ ഖത്തര്‍ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ ഇന്ത്യക്കാരുടെ മോചനത്തിന് മാതൃകാപരമായ നീക്കങ്ങള്‍ നടത്തിയ അദ്ദേഹം ഖത്തറിലെ വിദേശ തൊഴിലാളികളുടെ  ക്ഷേമം, എന്‍ഡ് ഓഫ് സര്‍വീസ് ഗ്രാറ്റുവിറ്റി, സേവന വേതന വ്യവസ്ഥകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ഇന്ത്യക്കാരുടെ ന്യായമായ നിയമപ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയും അവ നിരന്തരം പിന്തുടര്‍ന്നുമാണ് കോച്ചേരി സാമൂഹ്യ സേവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്നത്.
പ്രവാസികളെ ബോധവല്‍ക്കരിക്കുന്ന ക്‌ളാസുകളും കുറിപ്പുകളുമാണ് അദ്ദേഹത്തിന്റെ മറ്റൊരു സുപ്രധാനമായ പ്രവര്‍ത്തന മേഖല. ഐ. സി. ബി. എഫ്. സംഘടിപ്പിച്ച ലീഗല്‍ ക്‌ളിനിക്കും ഗള്‍ഫ് ടൈംസിലെ വാരാന്ത ലീഗല്‍ കോളവുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് സഞ്ചരിച്ച അദ്ദേഹത്തിന്റെ ശ്രമഫലമായി നിരപരാധികളായ ധാരാളം  മലയാളികളെ രക്ഷിക്കാനായി എന്നത് ഓരോ മലയാളിക്കും അഭിമാനമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker