BREAKING NEWSFeaturedKERALALATEST

അണ്ടിപ്പരിപ്പിന്റെ രുചിയ്‌ക്കൊപ്പം ഇന്ന് ദേശീയ കശുവണ്ടി ദിനം

കശുവണ്ടിപ്പരിപ്പ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടോ? ഒന്ന് റോസ്റ്റ് ചെയ്താല്‍ എത്ര വേണമെങ്കിലും കഴിക്കാം, അല്ലേ? പണ്ടുകാലങ്ങളില്‍ നാട്ടിന്‍പുറത്ത് സുലഭമായിരുന്ന കശുവണ്ടി പെറുക്കിയെടുത്ത്, ഒരുമിച്ചിരുന്ന് കരിയില കത്തിച്ച് ചുട്ടെടുത്ത് കഴിച്ചിരുന്ന ഓര്‍മ്മകള്‍ പലര്‍ക്കുമുണ്ടാകും. അണ്ടിപ്പരിപ്പ് ചൂട് തട്ടി വേവുന്നതിന്റെ മണം ഓര്‍മകളില്‍ അടരാതെ കിടക്കുന്നുമുണ്ടാകും. അതെല്ലാം ഇപ്പോള്‍ നൊസ്റ്റാള്‍ജിയ യുടെ പട്ടികയിലാണ്. എങ്കിലും കശുവണ്ടിപ്പരിപ്പിനോടുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല. പകരം വെയ്ക്കാനില്ലാത്ത രുചിയും പോഷകഗുണവുമാണ് എല്ലായ്‌പ്പോഴും അതിനെ ഹൈ ക്ലാസ് നട്‌സ് ഇനത്തില്‍ഉള്‍പ്പെടുത്തുന്നതിന് കാരണം.
പുതിയ കാലത്ത് പല ഗുണ നിലവാരത്തില്‍, പല രീതിയില്‍ തയ്യാറാക്കി പാക്ക് ചെയ്ത കശുവണ്ടി പരിപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. ചുട്ടെടുത്തതും, റോസ്റ്റ് ചെയ്തതും ഫ്രഷ് ആയതുമെല്ലാം. പക്ഷെ വില, അത് കശുവണ്ടി കറയേക്കാള്‍ പൊള്ളും. എങ്കിലും കശുവണ്ടിയോടുള്ള കൊതി കാരണം വില കൂടുതലാണെങ്കിലും ഒഴിച്ചുനിര്‍ത്താന്‍ കഴിയാറില്ല. നമുക്ക് മാത്രമല്ല, ലോകത്തെല്ലായിടത്തും പ്രിയമുള്ളതാണ് കശുവണ്ടി. എങ്ങനെയാണ് ഇത് നമ്മുടെ നാട്ടിലെത്തിയത്? ഈ കാഷ്യൂ ദിനത്തില്‍ കശുവണ്ടിപ്പരിപ്പിനെക്കുറിച്ച് ചില വിശേഷങ്ങള്‍ അറിയാം.

പോര്‍ച്ചുഗീസുകാരുടെ കൂടെയെത്തി:

വടക്ക് കിഴക്കന്‍ ബ്രസില്‍ ആണ് കശുമാവിന്റെ സ്വന്തം നാട്. പോര്‍ച്ചുഗീസുകാരുടെ അധിനിവേശ സമയത്താണ് ആദ്യമായി കശുവണ്ടി ഇന്ത്യയില്‍ എത്തുന്നത്. പോര്‍ച്ചുഗീസുകാര്‍ ഗോവ കയ്യടക്കിയിരുന്ന 1560 – 65 കാലഘട്ടത്തിലാണ് ഇത്. പിന്നീട് തെക്കുകിഴക്കന്‍ ഏഷ്യയിലേയ്ക്കും പിന്നീട് അഫ്രിക്കയിലേയ്ക്കും ഇത് സഞ്ചരിച്ചു. രാജ്യങ്ങള്‍ തമ്മില്‍ കയറ്റുമതി, ഇറക്കുമതി സജീവമായതോടെ ലോകത്തിന് മുഴുവന്‍ പ്രിയപ്പെട്ടതായി മാറി.

ചില വിശേഷങ്ങള്‍:

> പോര്‍ച്ചുഗീസ് ഭാഷയില്‍ കശുമാവിന് ‘കാജു’ (caju) എന്നാണ് പറയുന്നത്. പരിപ്പ് എന്നതിന് ടുപിയന്‍ വാക്കായ ‘അകാജു’ (acaju) വില്‍ നിന്നാണ് പോര്‍ച്ചുഗീസ് ഈ വാക്ക് സ്വീകരിച്ചത്. കാജു എന്ന വാക്കില്‍ നിന്നാണ് ഇംഗ്ലീഷില്‍ കാഷ്യു രൂപപ്പെട്ടത്.

> ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് കശുവണ്ടി. ധാരാളം പ്രോട്ടീന്‍, മിനറലുകളായ കോപ്പര്‍, കാത്സ്യം, മഗ്‌നീഷ്യം, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയുടെ കലവറ എന്ന് വിളിക്കാം.

> വിറ്റാമിന്‍ ഇ, വിറ്റാമിന്‍ B1, വിറ്റാമിന്‍ B2, വിറ്റാമിന്‍ B3, വിറ്റാമിന്‍ B6, ഫോളേറ്റ്, വിറ്റാമിന്‍ E, വിറ്റാമിന്‍ K എന്നിവ കശുവണ്ടിയില്‍ ധാരാളമുണ്ട്. കൂടാതെ ഒമേഗ 9 ഫാറ്റി ആസിഡ് ആയ ഒലെയിക് ആസിഡ് വളരെയധികം അടങ്ങിയിട്ടുണ്ട്.

> പാശ്ചാത്യ രാജ്യങ്ങളില്‍ കശുവണ്ടിപ്പരിപ്പ് മിക്കപ്പോഴും സ്‌നാക് ആയി കഴിക്കാറുണ്ട്.

> തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ലഭിക്കുന്ന മിക്ക വിഭവങ്ങളിലും അണ്ടിപ്പരിപ്പ് ചേര്‍ക്കാറുണ്ട്. കശുവണ്ടിയില്‍ നിന്നെടുക്കുന്ന എണ്ണയും ഇത്തരത്തില്‍ ഉയോഗിക്കുന്നുണ്ട്.

Inline

> കശുവണ്ടിയുടെ പുറംതോട് മറ്റ് പല ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നുണ്ട്. പെയിന്റ്, ല്യൂബ്രികന്റ്‌സ് എന്നിവ തയ്യാറാക്കാന്‍ ഇത് ഉപയോഗിക്കുന്ന രീതി രണ്ടാംലോക മഹായുദ്ധ കാലം മുതല്‍ ആരംഭിച്ചിരുന്നു.

> ലോകത്ത് ഉദ്പാദിപ്പിയ്ക്കുന്ന കശുവണ്ടിയുടെ 90 ശതമാനവും ഉപയോഗിക്കുന്നത് അമേരിക്കയാണ്.

> ഗോവയില്‍ കശുമാങ്ങ ജ്യൂസില്‍ നിന്ന് പ്രത്യേകമായി തയ്യാറാക്കുന്ന മദ്യമാണ് ഫെന്നി. 40 മുതല്‍ 42 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയതാണ് ഇത്.

> കിഡ്‌നി സ്റ്റോണ്‍ അല്ലെങ്കില്‍ ഗാള്‍ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ കശുവണ്ടി കഴിയ്ക്കുന്നത് പരമാവധി കുറയ്ക്കണം, ഇല്ലെങ്കില്‍ ഇത് വിപരീത ഫലമുണ്ടാക്കും.

> മറ്റ് നട്‌സ്‌കളുമായി താരതമ്യം ചെയ്യുമ്പോള്‍ 23 ശതമാനം കൂടുതല്‍ സ്റ്റാര്‍ച്ച് കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്.

> ഗുണങ്ങളും രുചിയും ധാരാളമുണ്ടെങ്കിലും ചില ആളുകള്‍ക്ക് കശുവണ്ടി കഴിയ്ക്കുന്നത് വലിയ തോതില്‍ അലര്‍ജിയ്ക്ക് കാരണമാകും.

> കശുവണ്ടിപരിപ്പിനും അതിന്റെ പുറംതോടിനും ഇടയ്ക്ക് കാണപ്പെടുന്ന അനകാര്‍ഡിക് ആസിഡ് ശരീരത്തില്‍ വീണാല്‍ പൊള്ളല്‍ ഏല്‍ക്കും.

> പണ്ടുകാലങ്ങളില്‍ കശുമാവിന്റെ ഇലകള്‍, ചെറിയ തണ്ട് എന്നിവ തിളപ്പിച്ച് കഴിയ്ക്കുന്നത് അതിസാരത്തിന് പരിഹാരമായി ഉപയോഗിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker