മുംബൈ: ജനജീവിതം സ്തംഭിപ്പിച്ച് മുംബൈയില്‍ അതിതീവ്ര മഴ. മുംബൈ വഴിയുള്ള വിമാന സര്‍വീസുകള്‍ വൈകുമെന്ന് അറിയിപ്പ്. കനത്ത മഴ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചു. നിരവധി ലോക്കല്‍ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മഴയെ തുടര്‍ന്ന് ദൃശ്യപരത കുറവായതിനാല്‍ രാവിലെ 10:36ന് വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പിന്നീട് സര്‍വ്വീസ് പുനരാരംഭിച്ചു. മോശം കാലാവസ്ഥ കാരണം മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ വൈകുമെന്ന് എയര്‍ ഇന്ത്യ യാത്രക്കാരെ അറിയിച്ചു. ഗതാഗത കുരുക്കില്‍ പെടാതിരിക്കാന്‍ വിമാനത്താവളത്തിലേക്ക് നേരത്തെ പുറപ്പെടാനും യാത്രക്കാരോട് നിര്‍ദേശിച്ചു.
അതിനിടെ പുണെയില്‍ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കനത്ത മഴയില്‍ മുദ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭക്ഷണ ശാല മാറ്റുന്നതിനിടെയാണ് അപകടം. നദിക്കരികില്‍ തട്ടുകട നടത്തുന്നവരായിരുന്നു മൂവരും. പുണെയിലെ സ്‌കൂളുകള്‍ക്ക് മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂര്‍ അടച്ചിടാന്‍ പൂനെ കളക്ടര്‍ സുഹാസ് ദിവാസെ ഉത്തരവിട്ടു. വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നും ജില്ലാ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ഖഡക്വാസ്ല അണക്കെട്ട് പൂര്‍ണ ശേഷിയില്‍ എത്തി. മുദ നദിക്കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
ഡോംബിവാലിയിലെ ചില പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് അന്ധേരി സബ്വേ അടച്ചു. നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന ഏഴ് തടാകങ്ങളില്‍ ഒന്നായ വിഹാര്‍ തടാകം ഇന്ന് പുലര്‍ച്ചെ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. 2769 കോടി ലിറ്ററാണ് തടാകത്തിന്റെ ശേഷി.
ഉപമുഖ്യമന്ത്രി അജിത് പവാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു. മുംബൈ, താനെ, റായ്ഗഡ്, പുണെ മേഖലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്ന് അതിതീവ്രമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
59 1 minute read