KERALALATEST

അതിരപ്പിള്ളിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 83.33%; കുറഞ്ഞ പരിശോധനകൊണ്ട് സംഭവിച്ചതെന്ന് വാദം

തൃശ്ശൂര്‍: അതിരപ്പിള്ളി പഞ്ചായത്തില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 83.33 ശതമാനത്തിലേക്കെത്തി. സംസ്ഥാന വാര്‍ റൂമില്‍ കിട്ടിയ കണക്കുപ്രകാരമാണിത്. 18 പേരെ പരിശോധിച്ച ഇവിടെ 15 പേര്‍ പോസിറ്റീവാണെന്നാണ് കാണിച്ചിരിക്കുന്നത്. പഞ്ചായത്തിലെ വെറ്റിലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലാണ് പരിശോധന നടന്നത്.
പഞ്ചായത്ത് കുറച്ചുനാളായി സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. ഇത്രയും കുറച്ച് പരിശോധനകള്‍ നടത്തിയതിനാലാണ് പോസിറ്റിവിറ്റി ഇത്രയും കൂടിയതെന്നാണ് ആരോഗ്യവിഭാഗം ജില്ലാ അധികൃതര്‍ പറയുന്നത്. കോവിഡ് വ്യാപനം നടക്കുന്ന സ്ഥലത്ത് കുറച്ചുപേരെ മാത്രം പരിശോധിച്ചാല്‍ പോസിറ്റിവിറ്റി ഉയര്‍ന്നുതന്നെ നില്‍ക്കും. ചുരുങ്ങിയത് 100 പേരെയെങ്കിലും പരിശോധിക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കുമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.
എന്നാല്‍, ഡേറ്റ എന്റര്‍ ചെയ്തതിലെ പിശകാണ് ഉണ്ടായതെന്നാണ് കുടുംബാരോഗ്യകേന്ദ്രം അധികൃതരുടെ വാദം. പരിശോധിച്ചത് 44 പേരെയാണ്. അതില്‍ 15 പേരാണ് പോസിറ്റീവായത്. പോസിറ്റിവിറ്റി നിരക്ക് 35 ശതമാനം മാത്രമാണ്.
കണക്കുകള്‍ പിശകിയാല്‍ അത് പിന്നീട് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുമ്പോഴാണ് പുറത്തറിയുന്നത്. അതിനാല്‍ അതിരപ്പിള്ളിയിലെ 83.33 ശതമാനം എന്ന നിരക്ക്, സര്‍ക്കാര്‍ പുറത്തിറക്കിയപ്പോഴാണ് എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടത്. ഇത് ഇത്രയും ഉയര്‍ന്നുനിന്നതാണ് ജില്ലയിലെ മൊത്തം നിരക്ക് 31.34 ശതമാനത്തിലേക്ക് എത്തിയതും.
തൃശൂര്‍ ജില്ലയില്‍ 11 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനു മുകളിലാണ്. ആ പഞ്ചായത്തുകളും നിരക്കും ഇങ്ങനെ:
ഗുരുവായൂര്‍ നഗരസഭ (60.92), ചൂണ്ടല്‍ (57.95), കടങ്ങോട് (51.35), ചൊവ്വന്നൂര്‍ (70.64), വാടാനപ്പള്ളി (63.06), കടപ്പുറം (72.94), ചേലക്കര (57.3), തെക്കുംകര (50.55), ദേശമംഗലം (53.57), പാഞ്ഞാള്‍ (59.26), അതിരപ്പിള്ളി (83.33).

Related Articles

Back to top button