BREAKING NEWSKERALALATEST

അതിരൂപതയുടെ സ്ഥലമിടപാടില്‍ ഗുരുതര പിഴവെന്നു റിപ്പോര്‍ട്ട്

ആലപ്പുഴ: എറണാകുളംഅങ്കമാലി അതിരൂപത നടത്തിയ വിവാദ ഭൂമിയിടപാടില്‍ ഗുരുതര പിഴവെന്നു ധനകാര്യ ഓഡിറ്റിങ് സ്ഥാപനമായ കെ.പി.എം.ജി.യുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട്. വിലനിശ്ചയിച്ചതുമുതല്‍ അടിമുടി പിഴവുപറ്റി. ഒട്ടും സുതാര്യമല്ലാതെയാണ് ഇടപാടുകള്‍ നടന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
2013 ഏപ്രില്‍ ഒന്നുമുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക ഇടപാടുകളാണു പരിശോധിച്ചത്. ഭൂമിയിടപാട് അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിക്കണമെന്നു വത്തിക്കാന്‍ നിര്‍ദേശിച്ചതനുസരിച്ചാണു കെ.പി.എം.ജി.യെ ചുമതലപ്പെടുത്തിയത്.
റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച പ്രധാനവീഴ്ചകള്‍:
1. കാനോനിക സമിതികളുടെ അംഗീകാരം നേടിയില്ല.
2. ഇടനിലക്കാരെ നിശ്ചയിച്ചതില്‍ സുതാര്യതയില്ല.
3. എറണാകുളം നഗരത്തില്‍ അഞ്ചിടത്തെ സ്ഥലത്തിനുംകൂടി ശരാശരിവില നിശ്ചയിച്ചതില്‍ യുക്തിയില്ല.
4. സ്ഥലത്തിന്റെ വിലസംബന്ധിച്ച് സ്വതന്ത്രമായ മൂല്യനിര്‍ണയം നടത്തിയില്ല.
5. നിശ്ചയിച്ച നിരക്കിനെക്കാള്‍ കുറഞ്ഞവിലയ്ക്കാണു വില്‍ക്കുന്നതെന്നകാര്യം കാനോനികസമിതികളെ അറിയിച്ചില്ല.
6. വാങ്ങുന്നവരെക്കുറിച്ച് ഒരന്വേഷണവും നടത്തിയില്ല.
സെന്റിന് 9.05 ലക്ഷം രൂപയ്ക്കാണ് ഇടപാടു നടത്തിയത്. അഞ്ചിടത്തായി മൂന്നേക്കറോളം വിറ്റപ്പോള്‍ 27 കോടി കിട്ടേണ്ടതായിരുന്നു. എന്നാല്‍, 13 കോടിയോളമേ അക്കൗണ്ടിലെത്തിയുള്ളൂ. ഇതാണ് വന്‍വിവാദമായതും അന്വേഷണങ്ങളിലേക്കുനയിച്ചതും.
കോതമംഗലത്ത് കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളില്‍ സ്ഥലംവാങ്ങിയതിലും ഇടനിലക്കാരന്‍ സാജു കുന്നേലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും നടത്തിയ ആശയവിനിമയത്തിലും സുതാര്യതക്കുറവുണ്ട്.
അടുത്തകാലത്ത് പരസ്പരം ബന്ധപ്പെട്ടിട്ടില്ലെന്നു പറയുമ്പോഴും ഫോണ്‍രേഖകള്‍ മറിച്ചാണ്. താന്‍ കുറച്ചുകൂടി ജാഗ്രത കാട്ടിയിരുന്നെങ്കില്‍ അതിരൂപതയ്ക്കുണ്ടായനഷ്ടം കുറയുമായിരുന്നെന്നു കര്‍ദിനാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിശ്ചയിച്ചവില അക്കൗണ്ടിലേക്കു വരാഞ്ഞപ്പോള്‍ കാരണമന്വേഷിച്ചിരുന്നു. നോട്ടുനിരോധനം, ചില രേഖകള്‍ ഇല്ലാത്തതു തുടങ്ങിയകാരണങ്ങളാണ് ഇടപാടിനു നേതൃത്വംനല്‍കിയ പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവയും ഇടനിലക്കാരന്‍ സാജു കുന്നേലും പറഞ്ഞത്. ഫാ. ജോഷി ഉത്തരവാദിത്വങ്ങളില്‍ വീഴ്ചവരുത്തി. അദ്ദേഹം എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി കരുതുന്നില്ല. ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും പ്രൊക്യുറേറ്ററും എല്ലാം നന്നായിനടത്തുമെന്നാണു താന്‍കരുതിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സ്ഥലംവാങ്ങിയവരെ കണ്ടിട്ടില്ലെന്നും വില നിശ്ചയിച്ചതു സാജുവാണെന്നുമാണ് ഫാ. പുതുവ നല്‍കിയമൊഴി. എന്നാല്‍, ഇടപാടുകാരെ അതിരൂപതയ്ക്കു പരിചയപ്പെടുത്തുകമാത്രമേ ചെയ്തിട്ടുള്ളുവെന്നാണു സാജു പറഞ്ഞിരിക്കുന്നത്.
ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് അധികാരമുണ്ടായിട്ടും ഭൂമിയിടപാടുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ ചോദ്യംചെയ്തില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, പണത്തിനുപകരമായി കോട്ടപ്പടിയിലെ ഭൂമി വാങ്ങാമെന്ന നിര്‍ദേശത്തെ താന്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്നു മാര്‍ എടയന്ത്രത്ത് മൊഴിനല്‍കിയിട്ടുണ്ട്. എങ്കിലും കര്‍ദിനാളിന്റെ നിര്‍ദേശപ്രകാരമാണ് ഇതിന്റെ അംഗീകാരത്തിനായി ഫാ. പുതുവയ്ക്ക് ഇമെയില്‍ അയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker