കണ്ണൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തി തുടര്‍ന്ന് ഇ.പി ജയരാജന്‍. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയാണ് ഇ.പി. തിങ്കളാഴ്ച അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ ചടങ്ങിലും പങ്കെടുക്കില്ല.
പയ്യാമ്പലത്തെ പരിപാടിയില്‍ എത്തുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു. എന്നാല്‍ അന്തരിച്ച മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.
നേരത്തേ കണ്ണൂര്‍ പയ്യാമ്പലത്ത് നടന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയിലും ഇ.പി. പങ്കെടുത്തിരുന്നില്ല. പരിപാടിയില്‍ ഇ.പി. പങ്കെടുക്കുമെന്ന് കണ്ണൂര്‍ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നെങ്കിലും ഇ.പി വിട്ടുനില്‍ക്കുകയായിരുന്നു.
നിലവില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമാണ് ഇ.പി ജയരാജന്‍. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറിനെ കണ്ട വിഷയത്തിലാണ് ഇ.പിക്ക് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടത്. ഇതില്‍ കടുത്ത അമര്‍ഷം ഇ.പിക്കുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി ആത്മകഥ എഴുതുമെന്നാണ് ഇ.പിയുടെ പ്രഖ്യാപനം.
66 Less than a minute