BREAKINGKERALA

‘അത് വ്യക്തിപരമായ അഭിപ്രായം’;സ്പീക്കറുടെ കസേര മറിച്ചിട്ടസംഭവത്തില്‍ ജലീലിന്റെ നിലപാട് തള്ളി ശിവന്‍കുട്ടി

തിരുവനന്തപുരം: 2015-ലെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ സ്പീക്കറുടെ കസേര തള്ളിയിട്ടതുമായി ബന്ധപ്പെട്ട കെ.ടി. ജലീലിന്റെ പ്രസ്താവന തള്ളി മന്ത്രി വി. ശിവന്‍കുട്ടി. അന്ന് എം.എല്‍.എയായിരുന്ന കെ.ടി.ജലീല്‍ നടത്തിയത് വ്യക്തിപരമായ അഭിപ്രായപ്രകടനമാണെന്നാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതി കൂടിയായ ശിവന്‍കുട്ടി പറയുന്നത്. വിചാരണ തുടങ്ങാനിരിക്കെ അന്നത്തെ സംഭവം തെറ്റെന്നോ ശരിയെന്നോ പറയുന്നില്ല. ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു.
സ്പീക്കറുടെ കസേര തള്ളിയിട്ടത് അബദ്ധമായി പോയെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍ എം.എല്‍.എ. കഴിഞ്ഞദിവസം സാമൂഹിക
മാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു. വിവാദമായ അധ്യാപകദിന പോസ്റ്റിനു താഴെ വന്ന കമന്റിനു മറുപടിയായാണ് ജലീലിന്റെ കമന്റ്. ”ഞാന്‍ ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലേ. വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴ” എന്നായിരുന്നു ജലീലിന്റെ മറുപടി.
അസംബ്ലിയില്‍ ഇ.പി. ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയ്യര്‍ വലിച്ചിട്ടത് ശരിയായില്ല. താങ്കള്‍ അസംബ്ലിയില്‍ പോയിരുന്നില്ലെങ്കില്‍ പി.എസ്.എം.ഒ. കോളേജില്‍ പ്രിന്‍സിപ്പല്‍ ആകേണ്ട ആളായിരുന്നു. കോളേജില്‍ എന്തെങ്കിലും ഇഷ്യുസ് ഉണ്ടായാലും താങ്കള്‍ വരുമ്പോള്‍ വിദ്യാത്ഥികള്‍ താങ്കളുടെ ചെയ്യര്‍ വലിച്ചെറിഞ്ഞാല്‍ എന്തായിരിക്കും താങ്കളുടെ നിലപാട്? -ഈ കമന്റിനായിരുന്നു ജലീലിന്റെ മറുപടി.
ബാര്‍ കോഴ വിവാദവേളയില്‍ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍.ഡി.എഫ്. നിയമസഭയില്‍ രംഗത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ കസേര ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തിരുന്നു.
ജലീലിന്റെ കമന്റിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയും കെ.പി.സി.സി. വൈസ് പ്രസിഡന്റുമായ വി.ടി. ബല്‍റാം രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷമാണെങ്കിലും ജലീലിന്റെ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ടെന്നാണ് ബല്‍റാം പറഞ്ഞത്. സമാനമായ ഒരു തിരിച്ചറിവ് ഉത്തരവാദപ്പെട്ട മറ്റ് സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കും തോന്നിയാല്‍ അതെത്ര നന്നായേനെ! ഏതായാലും ശിവന്‍കുട്ടിയില്‍നിന്നും ജയരാജനില്‍നിന്നുമൊന്നും കേരളം അതൊരു കാലത്തും പ്രതീക്ഷിക്കുന്നില്ല. ബുദ്ധിജീവിയും അക്കാദമീഷ്യനുമായ ഡോ. തോമസ് ഐസക്കെങ്കിലും നിയമസഭയിലെ സ്വന്തം അഴിഞ്ഞാട്ടത്തെ തള്ളിപ്പറയാന്‍ തയ്യാറാവുമോ എന്നാണ് അറിയേണ്ടതെന്നും ബല്‍റാം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Related Articles

Back to top button