BREAKINGNATIONAL

അദാനിയ്ക്ക് ആശ്വാസം; ഹിന്‍ഡന്‍ബര്‍ഗ് കേസ് വിധിയില്‍ പുന:പരിശോധനയില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

ദില്ലി: അദാനി ഹിന്‍ഡന്‍ബെര്‍ഗ് കേസിലെ വിധിയില്‍ പുന:പരിശോധന ഇല്ലെന്ന് സുപ്രീം കോടതി. പുന:പരിശോധന ഹര്‍ജി തള്ളിയ സുപ്രീംകോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യവും തള്ളുകയായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ പ്രത്യേക അന്വേഷണം കോടതി തള്ളിയിരുന്നു. സെബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശം.
സെബി നടത്തുന്ന അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ച കോടതി മാധ്യമറിപ്പോര്‍ട്ടുകള്‍ ആധികാരിക തെളിവായി കണക്കാക്കാനാവില്ലെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടാണ് നാല് പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതിക്ക് മുന്നില്‍ എത്തിയത്. ഹര്‍ജികളില്‍ ഒരു വര്‍ഷം വാദം കേട്ട ശേഷമാണ് പ്രത്യേക അന്വേഷണ സംഘം വേണ്ടെന്ന തീരുമാനം വന്നത്. അന്വേഷണം മാറ്റി നല്‍കുന്നത് അസാധാരണ സാഹചര്യത്തിലാണെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
നിയന്ത്രണ അതോറിറ്റിയായ സെബിയുടെ അധികാര പരിധിയില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും സെബി നടത്തുന്ന അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം നല്‍കുന്നു എന്നുമാണ് കോടതി പറഞ്ഞത്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണം, നിയമം അനുസരിച്ച് നടപടി എടുക്കണം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഓഹരി വിപണിയെ സ്വാധീനിച്ചു എന്ന ആരോപണവും സെബി പരിശോധിക്കണം, മാധ്യമകൂട്ടായ്മയും ഹിന്‍ഡന്‍ബര്‍ഗും കൊണ്ടു വന്ന റിപ്പോര്‍ട്ടുകള്‍ ആധികാരിക രേഖയായി കണക്കാക്കാനാകില്ല, ഇവ സെബിയ്ക്ക് പരിശോധിക്കാം, ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് കോടതി നിയോഗിച്ച വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ തെളിവ് അല്ലെന്നും അധികാരികമല്ലാത്ത രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം പൊതുതാല്‍പര്യ ഹര്‍ജികള്‍ നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Related Articles

Back to top button