BREAKINGKERALA
Trending

അധിക്ഷേപ പരാമര്‍ശത്തിലുറച്ച് എന്‍എന്‍ കൃഷ്ണദാസ്; ‘അബദ്ധത്തില്‍ പറഞ്ഞതല്ല, പൊട്ടിത്തെറിച്ചത് ബോധപൂര്‍വം’

പാലക്കാട്: പ്രതികരണം തേടിയ മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പട്ടി പരാമര്‍ശത്തില്‍ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്ണദാസ്. ഇറച്ചിക്കടയില്‍ കാത്തു നില്‍ക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ കാത്തുനിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചത് ബോധപൂര്‍വമാണ്.
തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തില്‍ പ്രതികരിച്ചത്. അബദ്ധത്തില്‍ പറഞ്ഞുപോയതാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ച് തന്നെയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. അബ്ദുള്‍ ഷുക്കൂറിന്റെ പിണക്കം പാര്‍ട്ടി പരിഹരിക്കാനാകുന്ന പ്രശ്‌നം മാത്രമാണ്. എന്നാല്‍, അതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രധാനം നല്‍കിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നതെന്നും എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു. മാധ്യമങ്ങളെ മാത്രം ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. ഷുക്കൂറുമായുള്ള ചെറിയ പ്രശ്‌നത്തില്‍ നേട്ടം കണ്ടെത്താന്‍ ശ്രമിച്ച കോണ്‍ഗ്രസിനെയും ബിജെപിയെയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെയും ഉദ്ദേശിച്ചുകൊണ്ടായിരുന്നു പരാമര്‍ശമെന്നും എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.
വിമര്‍ശനങ്ങളെ ഞാന്‍ മൈന്‍ഡ് ചെയ്യുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ പട്ടികളെന്ന് ഞാന്‍ പേരെടുത്ത് പറഞ്ഞിട്ടില്ല. ഒന്നും വ്യക്തിപരമല്ലെന്നും പട്ടികളെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. നിങ്ങളെന്തിനാണ് ഷുക്കൂറിന്റെ വീട്ടില്‍ പോയതെന്നും സിപിഎമ്മുകാരന്റെ വീട്ടില്‍ അങ്ങനെ എല്ലാര്‍ക്കും പോകാന്‍ പറ്റില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.ഷുക്കൂറിനെ ഞങ്ങളില്‍ നിന്ന് അടര്‍ത്തിക്കൊണ്ട് പോകാന്‍ വന്നവരെയാണ് ഞാന്‍ പട്ടികളോട് ഉപമിച്ചത് എന്നും കൃഷ്ണദാസ് പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്റെ മാപ്പുപറയണമെന്ന ആവശ്യം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്നും കൃഷ്ണദാസ്.
പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇന്നലെ വൈകിട്ട് എന്‍എന്‍ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഷുക്കൂറുമായി പുറത്തിറങ്ങിയ എന്‍എന്‍ കൃഷ്ണദാസിനോട് പ്രതികരണം തേടിയപ്പോഴായിരുന്നു അധിക്ഷേപ പരാമര്‍ശം. ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ രാവിലെ മുതല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം. ഷുക്കൂറിനെ നിങ്ങള്‍ക്ക് അറിയില്ലെന്നും ഷുക്കൂറിനൊന്നും പറയാനില്ലെന്നും എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.
ഷുക്കൂറിനോട് പ്രതികരണം തേടിയതിനെയും കൃഷ്ണദാസ് തടഞ്ഞു. ഷുക്കൂറിനുവേണ്ടി താന്‍ സംസാരിക്കുമെന്നായിരുന്നു മറുപടി. പാലക്കാട്ടെ സിപിഎമ്മിന്റെ രോമത്തില്‍ തൊടാനുള്ള ശേഷി ആര്‍ക്കുമില്ല. പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ചുകൊണ്ടായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്ണദാസിന്റെ പ്രതികരണം. പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറി സംബന്ധിച്ച ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാന്‍ പറയുകയായിരുന്നു എന്‍എന്‍ കൃഷ്ണദാസ്. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകന്‍മാരെ പോലെ നടക്കുകയല്ലെയെന്നും ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് പൊട്ടിത്തെറിച്ചിരുന്നു.

Related Articles

Back to top button