അധ്യാപകരെ ബഹുമാനിക്കുമെന്നും കുറ്റപ്പെടുത്തില്ലെന്നും മാതാപിതാക്കളെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം പ്രതിജ്ഞയെടുപ്പിച്ച അധ്യാപികയ്‌ക്കെതിരെ വ്യാപക വിമര്‍ശനം. വടക്കന്‍ ചൈനയിലെ ഒരു കിന്റര്‍ഗാര്‍ട്ടന്‍ മേധാവിയാണ് ഇത്തരത്തില്‍ രക്ഷിതാക്കളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധ്യാപികയുടെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, സെപ്റ്റംബര്‍ 2 -ന് ഷാങ്സി പ്രവിശ്യയിലെ ഹാന്‍ലിന്‍ കിന്റര്‍ഗാര്‍ട്ടന്‍ മേധാവിയായ വാങ്ങ് ആണ് ഇത്തരത്തില്‍ മാതാപിതാക്കളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചത്. സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത രക്ഷകര്‍ത്താക്കളുടെ യോഗത്തില്‍ ആയിരുന്നു ഈ വിവാദ പ്രതിജ്ഞ ചൊല്ലല്‍.
കുട്ടികള്‍ സ്‌കൂളില്‍ എത്തിയാല്‍ അവരുടെ കാര്യങ്ങള്‍ അന്വേഷിച്ച് അധ്യാപകര്‍ക്ക് മെസ്സേജ് അയക്കില്ല, സ്‌കൂളില്‍ നിന്നും കുട്ടികള്‍ക്ക് പരിക്കേറ്റാല്‍ അധ്യാപകരെ ചോദ്യം ചെയ്യില്ല, കുട്ടികള്‍ക്ക് അസുഖം വന്നാല്‍ സ്‌കൂളിനെ കുറ്റപ്പെടുത്തില്ല തുടങ്ങിയ വിചിത്രമായ കാര്യങ്ങളാണ് വിവാദ പ്രതിജ്ഞയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. കൂടാതെ എപ്പോഴും അച്ചടക്കമുള്ള രക്ഷിതാക്കള്‍ ആയിരിക്കുമെന്ന പ്രയോഗവും ഉള്‍പ്പെടുത്തിയിരുന്നു.
ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ഈ പ്രതിജ്ഞ ചൊല്ലല്‍ വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി തുറന്നത്. ഇത്രമാത്രം അഹങ്കാരം നിറഞ്ഞതും ഉത്തരവാദിത്വബോധമില്ലാത്തതുമായ ഒരു വിദ്യാലയത്തില്‍ എന്തിനാണ് മക്കളെ പഠിപ്പിക്കുന്നത് എന്നായിരുന്നു വീഡിയോ കണ്ട് ഭൂരിഭാഗമാളുകളും സംശയം പ്രകടിപ്പിച്ചത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അഭിപ്രായമുയര്‍ന്നു.
എന്നാല്‍, പ്രതിജ്ഞയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ വാങ് തന്റെ ആശ്ചര്യം പ്രകടിപ്പിച്ചു. സമൂഹത്തില്‍ നിന്ന് ഇത്രയും ശക്തമായ പ്രതികരണം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ ആശയവിനിമയത്തിനുള്ള നിയമങ്ങള്‍ രൂപപ്പെടുത്തുകയാണ് തങ്ങള്‍ ചെയ്തത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിവാദത്തിന് മറുപടിയായി പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റി സെപ്റ്റംബര്‍ 4 -ന് കിന്റര്‍ഗാര്‍ട്ടനെ വിമര്‍ശിക്കുകയും പ്രിന്‍സിപ്പലിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
57 1 minute read