കൊച്ചി: ക്രിമിനല്‍ക്കേസില്‍ ജയിലിലാകുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട അവസ്ഥയിലാണ് അധ്യാപകരെന്ന് ഹൈക്കോടതി. ക്ലാസിലെ ഡെസ്‌കില്‍ കാല്‍ കയറ്റിവെച്ചത് ചോദ്യംചെയ്തപ്പോള്‍ ചീത്തവിളച്ച ഏഴാംക്ലാസുകാരനെ അടിച്ച അധ്യാപികയുടെ പേരിലുള്ള കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം.
ഗുരുദക്ഷിണയായി ചോദിച്ച പെരുവിരല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മുറിച്ചുനല്‍കിയ ഏകലവ്യന്‍ പകര്‍ന്ന പാഠമൊക്കെ ഇപ്പോള്‍ തലകീഴായി മറിഞ്ഞെന്നും കോടതി പറഞ്ഞു.
കുട്ടികളുടെ നല്ലതിനായി അധ്യാപകര്‍ സ്വീകരിക്കുന്ന ശിക്ഷണനടപടികളെ കുറ്റകൃത്യമായി ചിത്രീകരിക്കുകയാണ്. ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ അച്ചടക്കമുള്ള പുതുതലമുറ എങ്ങനെയുണ്ടാകുമെന്നതില്‍ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.
കുട്ടിക്ക് പരിക്കില്ലാതിരുന്നിട്ടും ബാലനീതി നിയമത്തിലെ വകുപ്പുള്‍പ്പെടുത്തി അധ്യാപികയുടെ പേരില്‍ തൃശ്ശൂര്‍ വാടാനപ്പള്ളി പോലീസ് കേസെടുക്കുകയായിരുന്നു. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകണമെന്ന് അധ്യാപിക ആഗ്രഹിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ചാവക്കാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കിയത്.
53 Less than a minute