കോട്ടയം: കോട്ടയത്ത് അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. പ്രധാന അധ്യാപകനും കൂട്ടുപ്രതിയായ എഇഒയ്ക്കും എതിരെയാണ് നടപടി. ചാലുകുന്ന സിഎന്‍ഐ എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാം ജോണ്‍, എഇഒ മോഹന്‍ദാസ് എന്നിവരാണ് കൈക്കൂലി വാങ്ങിയത്. അഴിമതി വച്ചുപൊറിക്കാനാകില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.
കോട്ടയം സ്വദേശിയും മറ്റൊരു സ്‌കൂളിലെ അധ്യാപികയുമായ പരാതിക്കാരി കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സര്‍വീസ് കാലാവധി റെഗുലറൈസ് ചെയ്യുന്നതിന് അപേക്ഷ നല്‍കിയിരുന്നു. താന്‍ ഇടപെട്ട് വേഗത്തില്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് പ്രധാനാധ്യാപകന്‍ പരാതിക്കാരിയെ സമീപിച്ചത്. ഓഫീസര്‍ക്ക് നല്‍കാന്‍ 10,000 രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു.
തുടര്‍ന്ന് അധ്യാപിക കോട്ടയം വിജിലന്‍സ് കിഴക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ വച്ച് പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങവേ ഹെഡ്മാസ്റ്ററെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഇതുമായി ബന്ധമുണ്ടോ എന്ന് വരും ദിവസങ്ങളില്‍ പരിശോധിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.