BREAKINGNATIONAL

അനിയന്‍ കൂടുതല്‍ സുന്ദരന്‍, സൗന്ദര്യമുള്ള കുഞ്ഞ് ജനിക്കും, ഭര്‍ത്താവിന്റെ അനിയനൊപ്പം ഇറങ്ങിപ്പോയി യുവതി

സൗന്ദര്യമുള്ളൊരു കുഞ്ഞിന് വേണ്ടി മധ്യ പ്രദേശില്‍ ഭര്‍ത്താവിന്റെ ഇളയ സഹോദരനോടൊപ്പം ഇറങ്ങിപ്പോയി യുവതി. ഭര്‍ത്താവിന്റെ അനിയന്‍ കൂടുതല്‍ സുന്ദരനാണ് എന്നും അതിലൂടെ തനിക്ക് നല്ല സൗന്ദര്യമുള്ള കുഞ്ഞ് ജനിക്കും എന്നും പറഞ്ഞാണത്രെ യുവതി ഭര്‍ത്താവിന്റെ ഇളയസഹോദരനോടൊപ്പം ഇറങ്ങിപ്പോയത്. പോയ ശേഷം ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ.
ഛത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. അനിയനോടൊപ്പം ഇറങ്ങിപ്പോകുന്നതിന് മുമ്പുതന്നെ അനിയനുമായി ഇഷ്ടത്തിലാണ് എന്നും ഒരുമിച്ച് ജീവിക്കാനാഗ്രഹിക്കുന്നു എന്നുമെല്ലാം ഭര്‍ത്താവിനോട് യുവതി തുറന്നു പറഞ്ഞിരുന്നു. എന്നാല്‍, ഭര്‍ത്താവിന്റെ അനിയനൊപ്പം ഓടിപ്പോയതിന് പിന്നാലെ അവള്‍ ഭര്‍ത്താവിനും അയാളുടെ വീട്ടുകാര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും പറയുന്നു. ആത്മഹത്യ ചെയ്യുമെന്നും ഭര്‍ത്താവും വീട്ടുകാരുമാണ് അതിന് കാരണമെന്ന് പറയുമെന്നുമായിരുന്നു ഭീഷണി.
ഒക്ടോബര്‍ രണ്ടിന് യുവതിയുടെ ഭര്‍ത്താവും വീട്ടുകാരും യുവതിക്കെതിരെ പരാതി നല്‍കുകയും ചെയ്തു. തന്റെ ഭാര്യ തന്നെ ഒരിക്കലും സ്‌നേഹിക്കാത്തതുപോലെയാണ് തന്റെ അനിയന്റെ കൂടെ പോയത്. തന്നോടൊപ്പം ജീവിക്കുമ്പോള്‍ ഒരിക്കലും അവള്‍ ഒരു കുട്ടിയെ ആഗ്രഹിച്ചിരുന്നില്ല എന്നും ഭര്‍ത്താവ് പറയുന്നു. ഭാര്യ തന്നോട് തന്റെ അനിയനാണ് തന്നേക്കാള്‍ കൂടുതല്‍ സുന്ദരന്‍ എന്ന് പറയുകപോലും ചെയ്തിട്ടുണ്ട് എന്നും യുവാവ് പറയുന്നു.
10 വര്‍ഷമായി വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടികളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ഇളയ സഹോദരനാണ് കൂടുതല്‍ സുന്ദരനെന്നും അവള്‍ക്ക് അവന്‍ സൗന്ദര്യമുള്ള ഒരു കുഞ്ഞിനെ നല്‍കിയേക്കാമെന്നും കരുതിയതിനാല്‍ തന്നില്‍ ഒരു കുഞ്ഞുണ്ടാവാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല എന്നും യുവാവ് പറഞ്ഞു. കുഞ്ഞിന് വേണ്ടി താന്‍ ഒരുപാടാഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നുവെങ്കിലും ഭാര്യ അതിന് തയ്യാറായിരുന്നില്ല എന്നും യുവാവ് പറയുന്നുണ്ട്.
എന്തായാലും, യുവതിയെ കാണാതായി എന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുകയാണ് ഇപ്പോള്‍.

Related Articles

Back to top button