BREAKINGKERALA
Trending

അനിശ്ചിതത്വം മാറി, തൃശൂരില്‍ ഇക്കുറിയും കുമ്മാട്ടി ഇറങ്ങും; മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് കുമ്മാട്ടി സംഘം

തൃശൂര്‍: ‘കുമ്മാട്ടി കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ’, ഇല്ലെങ്കില്‍ ഓണനാളില്‍ തൃശൂരിലേക്ക് വിട്ടോ. ഓണത്തിന് ഇത്തവണയും കുമ്മാട്ടി ഇറങ്ങുമെന്ന് ഉറപ്പായി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളിയും കുമ്മാട്ടിക്കളിയും ഉണ്ടാകില്ലെന്ന പ്രചാരണത്തിനിടെയാണ് കുമ്മാട്ടി നടത്താമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നത്.
തൃശിവപേരൂര്‍ കുമ്മാട്ടി സംഘത്തിന്റെ നേതൃത്വത്തില്‍ കേരള കുമ്മാട്ടി സംഘം പ്രതിനിധികളും വിവിധ ദേശ കുമ്മാട്ടികളുടെ പ്രതിനിധികളും കഴിഞ്ഞദിവസം മന്ത്രി കെ രാജനെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാബിനറ്റില്‍ വിഷയം സംസാരിച്ച് മുഖ്യമന്ത്രിയില്‍നിന്നും ഉറപ്പുനല്‍കാമെന്ന് മന്ത്രി രാജന്‍ വാഗ്ദാനം ചെയ്തിരുന്നതായി തൃശിവപേരൂര്‍ കുമ്മാട്ടി സംഘം പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത് പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ജില്ലയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ആഘോഷിച്ചു വരാറുള്ള പ്രാചീന നാടന്‍ കലയായ കുമ്മാട്ടി മഹോത്സവം വയനാട് ദുരന്തത്തിന്റെ പേരില്‍ നിര്‍ത്തിവയ്ക്കുവാന്‍ മേയര്‍ പ്രസ്താവിച്ചതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്.
സംസ്ഥാന സര്‍ക്കാര്‍ ഓണാഘോഷപരിപാടികള്‍ നിര്‍ത്തിവച്ചു. എന്നാല്‍ കുമ്മാട്ടിക്കായി സംഘങ്ങള്‍ എല്ലാവിധ ഒരുക്കവും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കുമ്മാട്ടി മഹോത്സവം നടത്താന്‍ വേണ്ട നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ ഈ വര്‍ഷത്തെ കുമ്മാട്ടിയെ ചൊല്ലിയുള്ള അനിശ്ചിതത്വം ഒഴിവായതായും പതിവുപോലെ കുമ്മാട്ടി നടക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button