KERALALATEST

അനുപമ പറയുന്നു… ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ കൊല്ലാന്‍ രക്ഷാകര്‍ത്താക്കള്‍ ശ്രമിച്ചു, ക്രൂരമായി മര്‍ദിച്ചു

തിരുവനന്തപുരം: ഗര്‍ഭിണിയായിരിക്കുമ്പോള്‍, തന്റെ കുഞ്ഞിനെ നശിപ്പിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ശ്രമിച്ചിരുന്നതായി എസ്.എഫ്.ഐ. മുന്‍ നേതാവ് അനുപമ എസ്. ചന്ദ്രന്‍ ആരോപിച്ചു. അച്ഛന്‍ പി.എസ്. ജയചന്ദ്രനെതിരേ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ എട്ടാംമാസത്തില്‍ മലപ്പുറത്തും കായംകുളത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ എത്തിച്ച് ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചിരുന്നുവെന്ന് അനുപമ പറഞ്ഞു.
വളര്‍ച്ചയില്ലെന്നുംമറ്റും പറഞ്ഞ് കുഞ്ഞിനെ നശിപ്പിക്കാനും രക്ഷാകര്‍ത്താക്കള്‍ പ്രേരിപ്പിച്ചു. തന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് കുഞ്ഞിനെ ജീവനോടെ ലഭിച്ചത്. ഒന്‍പതാംമാസം രക്ഷാകര്‍ത്താക്കള്‍ മര്‍ദിച്ച് അവശയാക്കി. കുട്ടിയെ കൊന്നുകളയുമെന്ന ഭീതിയിലാണ് കുഞ്ഞിനെ കൈമാറാനുള്ള കരാര്‍ ഒപ്പിടാന്‍ തയ്യാറായതെന്നും അനുപമ പറയുന്നു. അനുപമയുടെ അച്ഛനും സി.പി.എം. ഏരിയാകമ്മിറ്റിയംഗവുമായ ജയചന്ദ്രനില്‍നിന്ന് ഭീഷണിയുണ്ടെന്ന് ഭര്‍ത്താവ് അജിത്ത് പറയുന്നു.
ഏപ്രില്‍മുതല്‍ കുഞ്ഞിനെ അന്വേഷിച്ചുള്ള പരാതിയുമായി പോലീസ് സ്റ്റേഷന്‍മുതല്‍ ഡി.ജി.പി.ക്കുമുന്നില്‍വരെ എത്തിയെങ്കിലും നീതി ലഭിച്ചില്ലെന്നും അനുപമ. പരാതി ലഭിച്ച് ആറുമാസത്തിനു ശേഷമാണ് എഫ്.ഐ.ആര്‍. ഇട്ടത്. എന്നാല്‍, ദത്തു നല്‍കിയ കുട്ടിയുടെ വിശദാംശം നല്‍കില്ലെന്ന ശിശുക്ഷേമ സമിതിയുടെ മറുപടിയില്‍ തട്ടിനില്‍ക്കുകയാണ് അന്വേഷണം.
അനുപമയുടെ അച്ഛനെയടക്കം ഇതുവരെ ചോദ്യംചെയ്തിട്ടില്ല. അനുപമയുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും പരാതിയുണ്ട്. കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ തിരികെ അനുപമയ്ക്ക് ലഭിക്കാന്‍ നിയമതടസ്സമില്ലെന്നാണ് വിലയിരുത്തല്‍. ഏറ്റെടുത്ത നടപടികളില്‍ വീഴ്ചയുണ്ടെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റെടുത്ത കുഞ്ഞിനെ ദത്തു നല്‍കണമെങ്കിലും പാലിക്കേണ്ട നിയമനടപടികളുണ്ട്. അത് ഇക്കാര്യത്തില്‍ പാലിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker