BREAKINGINTERNATIONAL

‘അനുയോജ്യമായ പ്രായ’ത്തില്‍ കുട്ടിയും കുടുംബവും വേണം; സര്‍വേയുമായി ചൈന

ഇന്ന് പല രാജ്യങ്ങളിലും യുവാക്കള്‍ വിവാഹിതരാവാനോ, കുട്ടികളെ വളര്‍ത്താനോ ഒന്നും താല്പര്യം കാണിക്കുന്നില്ല. അതിന് പല കാരണങ്ങളും ഉണ്ട്. സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങള്‍ തന്നെയാണ് മുന്നില്‍. കുട്ടികളെ വളര്‍ത്തുന്നതിനോ കുടുംബമായി ജീവിക്കുന്നതിനോ ഉള്ള സാഹചര്യം പലര്‍ക്കും ഇല്ല. ഇതോടെ, പല രാജ്യങ്ങളിലും ജനന നിരക്ക് കുറഞ്ഞു തുടങ്ങി.
ചൈനയാണ് അതില്‍ പ്രധാനം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ജനനനിരക്ക് ഇവിടെ താഴുന്നത്. അതോടെ ജനന നിരക്ക് വര്‍ധിപ്പിക്കുന്നതിനായി സര്‍വേകളും പദ്ധതികളും ഒക്കെ മുന്നോട്ട് വയ്ക്കുകയാണ് രാജ്യം. ഇപ്പോഴിതാ പുതിയ ഒരു സര്‍വേയ്ക്ക് തുടക്കം കുറിച്ചിരിക്കയാണ് ചൈന.
ഗര്‍ഭം ധരിക്കുക, കുട്ടികളുണ്ടാവുന്നതിനോടുമുള്ള ഭയം എന്നതിനോടുള്ള ജനങ്ങളുടെ മനോഭാവം അറിയുന്നതിന് വേണ്ടിയാണ് സര്‍വേ സംഘടിപ്പിക്കുന്നത്. 150 കൗണ്ടികളിലും 1,500 കമ്മ്യൂണിറ്റികളിലുമായി 30,000 വ്യക്തികളെ ഉള്‍പ്പെടുത്തിയുള്ള സര്‍വേ നിലവില്‍ ആരംഭിച്ചതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് ജനന നിരക്ക് കുറയുന്നത് ചൈനയെ വല്ലാതെ ആശങ്കപ്പെടുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വരുന്നുണ്ട്. 2023 -ല്‍ ചൈനയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജനനനനിരക്കില്‍ കുറവ് അനുഭവപ്പെട്ടിരുന്നു. ഇത് യുവദമ്പതികളെ കുടുംബം തുടങ്ങാനും കുട്ടികളെ വളര്‍ത്താനും പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു.
കുട്ടികളെ ചുറ്റിപ്പറ്റി ആളുകളില്‍ ഉണ്ടാവുന്ന വിമുഖതയും ഭയവും അന്വേഷിക്കാനും ജനന നിരക്ക് കൂട്ടുന്നതിനായി പിന്തുണയും പ്രോത്സാഹനവും നല്‍കാനുമാണ് സര്‍വേ ലക്ഷ്യമിടുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സപ്തംബറില്‍, ചൈനയിലെ ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥര്‍ ‘അനുയോജ്യമായ പ്രായത്തില്‍’ വിവാഹവും പ്രസവവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. കൂടാതെ, വിവാഹം, പ്രസവം, കുടുംബം എന്നിവയെക്കുറിച്ച് പൊസിറ്റീവായി ചിന്തിക്കുന്നതിലേക്ക് യുവാക്കളെ എത്തിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞിരുന്നു.

Related Articles

Back to top button