BREAKINGKERALA

‘അനുവാദമില്ലാതെ പുറത്തുപോയി, പുലര്‍ച്ചെ വരാന്‍ വൈകി’; പ്രതിശ്രുതവധുവിനെ മര്‍ദിച്ച യുവാവിനെതിരേ കേസ്

കൊച്ചി: നഗരമധ്യത്തില്‍ പ്രതിശ്രുതവധുവിനെ ക്രൂരമായി മര്‍ദിച്ച യുവാവിനെതിരേ കേസെടുത്ത് മരട് പോലീസ്. പൂണിത്തുറ സ്വദേശി അരുണിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതിയ്ക്കായി തിരച്ചില്‍ നടത്തുകയാണെന്നും മരട് പോലീസ് അറിയിച്ചു. യുവതിയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ വൈറ്റില ജനതാ റോഡിലാണ് സംഭവം. യുവതി നടന്നുവരുന്നതും പിന്തുടര്‍ന്നുവന്ന അരുണ്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുന്നതും യുവതി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാള്‍ക്കൊപ്പം മറ്റു നാലുപേരും ഉണ്ടായിരുന്നെങ്കിലും ഇവരെ നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ല.
അരുണുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായാണ് വിവരം. അനുവാദം കൂടാതെ യുവതി കൂട്ടുകാരുമായി പുറത്തുപോയതും വൈകി വന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. സമീപവാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ പെണ്‍കുട്ടി പരാതിയില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് യുവതി ആശുപത്രിയില്‍ അഡ്മിറ്റായ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.

Related Articles

Back to top button