തിരുവനന്തപുരം: കേരളീയ സമൂഹത്തെ ശാസ്ത്ര ബോധവും മാനവികതാബോധവുമുള്ളതാക്കാന്‍ അന്ധവിശ്വാസങ്ങളേയും ജാതി മത ചൂഷണത്തേയും കുറ്റകരമായി പ്രഖ്യാപിക്കുന്ന നിയമ നിര്‍മ്മാണം അനിവാര്യമാണെന്നു പ്രസിദ്ധ കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. വര്‍ഗ്ഗീയ ശക്തികളുടെ വെടിയേറ്റു കൊല്ലപ്പെട്ട പ്രസിദ്ധ യുക്തിവാദി ഡോ. നരേന്ദ്ര ധബോല്‍ക്കറുടെ രക്തസാക്ഷി ദിനത്തില്‍ അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം ആവിഷ്‌ക്കരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമകാലീന മലയാള സാഹിത്യത്തിലും കവിതയിലും നിന്ന് ദൈവത്തേയും മതസങ്കല്പത്തേയും അകറ്റി നിര്‍ത്തിയതില്‍ വലിയ പങ്കു വഹിച്ചത് യുക്തിവാദ, പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അതിന് അനുസൃതമായ നിയമനിര്‍മ്മാണം ഇതിനെ ശക്തിപ്പെടുത്തും.
ധബോല്‍ക്കര്‍ ദിനത്തില്‍ തിരുവനന്തപുരം യുക്തിവാദി സംഘത്തിന്റേയും ജനാധിപത്യവേദിയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കപ്പെട്ടത്.ചരിത്രകാരനായ വെള്ളനാട് രാമചന്ദ്രന്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറി രമേഷ്, നവയുഗം പത്രാധിപര്‍ ആര്‍. അജയന്‍, ഇ.പി. അനില്‍, യുവജനവേദി പ്രതിനിധി ജയപ്രകാശ്, പി.സുശീലന്‍, ഋഷികുമാര്‍, മുണ്ടേല ബഷീര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.
യുക്തിവാദി സംഘം പ്രസിഡന്റ് ടി.എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ വേദി കണ്‍വീനര്‍ പി.കെ. വേണുഗോപാലന്‍ കൃതജ്ഞത പറഞ്ഞു.
68 Less than a minute