ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭൂപ്രദേശം ചൈനീസ് സൈന്യം കൈയടക്കുന്നതില്‍ ലഡാക്കിലെ ജനങ്ങള്‍ അസ്വസ്ഥരാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഒരു കാലത്ത് ‘ഹിന്ദി ചീനി ഭായ് ഭായ്’ എന്ന് വാദിക്കുകയും 45,000 ചതുരശ്ര കിലോമീറ്റര്‍ ചൈനയ്ക്ക് വിട്ടുകൊടുക്കുകയുംചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം ആരോപിച്ചു. മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്യുന്നതിന് മുമ്പ് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നമ്മുടെ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യംചെയ്യുന്ന തരത്തിലാണ് രാഹുല്‍ നിലവില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദും ചൂണ്ടിക്കാട്ടി. ഒരു വിനോദസഞ്ചാരി എന്ന നിലയിലാണ് രാഹുല്‍ ലഡാക്ക് സന്ദര്‍ശിച്ചത്. എന്നാല്‍, എവിടെ സന്ദര്‍ശിച്ചാലും രാജ്യത്തിനെതിരെ ആരോപണങ്ങളുന്നയിക്കുക എന്നത് അദ്ദേഹത്തിന്റെ ശീലമാണ്. ആത്മാഭിമാനത്തോടെ ഇന്ത്യന്‍ ജവാന്മാര്‍ ചൈനയ്ക്കെതിരെ പോരാടുകയാണ്. അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാല്‍ ചൈനയ്ക്കുവേണ്ടി അടിസ്ഥാനരഹിതമായ ഒരു ആരോപണം ഉന്നയിക്കുന്നത് രാഹുലിന്റെ പതിവാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഒരിഞ്ച് ഭൂമിപോലും ചൈനീസ് സൈന്യം കൈയടക്കിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം സത്യമല്ലെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. നിലവിലെ സ്ഥിതിയില്‍ ലഡാക്കിലുള്ള ജനങ്ങള്‍ സന്തോഷവാന്മാരല്ല. നിരവധി പരാതികളാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയരുന്നത്. അവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ആവശ്യമാണ്. സംസ്ഥാനത്തിന് ആവശ്യം ഉദ്യോഗസ്ഥ ഭരണമല്ല, ജനങ്ങളുടെ പ്രതിനിധിയെയാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.