BREAKINGKERALA
Trending

അന്‍വറിനെ പിന്തുണച്ച് വീണ്ടും കെടി ജലീല്‍; ‘ചാവേറുകളാകാന്‍ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കിനിര്‍ത്താനാകില്ല’

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് വീണ്ടും കെടി ജലീല്‍. അന്‍വര്‍ പറഞ്ഞതില്‍ അസത്യം ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി നല്‍കട്ടെയെന്നും ഒരിറ്റു ദയ അര്‍ഹിക്കാത്ത പൊലീസ് പ്രമുഖര്‍ തല്‍സ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടുമെന്നും അന്‍വറിനെ പിന്തുണച്ചുകൊണ്ടുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വ്യക്തമാക്കി. കാക്കിയുടെ മറവില്‍ തടി തപ്പാം എന്ന മോഹത്തിന് അന്ത്യം കുറിക്കപ്പെട്ടു. സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയായവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടിയോടെ മാന്തി പുറത്ത് ഇടും. ഉപ്പ് തിന്നരെ വെള്ളം കുടിപ്പിച്ചേ അടങ്ങു. ചാവേറുകളാകാന്‍ തീരുമാനിച്ചവരെ ഒരു ശക്തിക്കു അടക്കി നിര്‍ത്താനാകില്ലെന്നും കെടി ജലീല്‍ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. എഡിജിപി അജിത്ത് കുമാറിനെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ നേരത്തെയും കെടി ജലീല്‍ അന്‍വറിന് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു.

കെടി ജലീലിന്റെ ഫേയ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഉപ്പുനിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ!

വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാന്‍മാര്‍ കുടുങ്ങും. സംശയം വേണ്ട. എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും. ഒരിറ്റുദയപോലും അര്‍ഹിക്കാത്ത പൊലീസ് ‘പ്രമുഖ്മാര്‍’ തല്‍സ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടും. കാക്കിയുടെ മറവില്‍ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകള്‍ക്ക് അന്ത്യം കുറിക്കപ്പെട്ടു കഴിഞ്ഞു. ചുമരുകള്‍ക്ക് ജീവനുള്ള കാലമാണിത്.’ദൈവത്തിന്റെ കണ്ണുകള്‍’എല്ലായിടത്തും മിഴി തുറന്നിരിപ്പുണ്ട്. സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടിയോടെ മാന്തിപ്പുറത്തിടും. രാത്രിയുടെ അന്ത്യയാമങ്ങളില്‍ കടത്തിക്കൊണ്ടു പോയ വസ്തുക്കള്‍ ഏത് കടലില്‍ മുക്കിത്താഴ്ത്തിയാലും കണ്ടെത്തും.
സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കരുതിയിരിക്കുക. നിങ്ങളെത്തേടി വരുന്നുണ്ട് പൊതുപ്രവര്‍ത്തകരുടെ ഒളിക്യാമറകള്‍. എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആര്‍ക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാകാന്‍ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിര്‍ത്താനാവില്ല.
ചരിത്രത്തിലാദ്യമായി നൂറ്റിഇരുപത്തിയഞ്ചിലധികം പൊലീസ് ഓഫീസര്‍മാരെ അവരുടെ കയ്യിലിരിപ്പിന്റെ ‘ഗുണം’ കൊണ്ട്, സര്‍വീസില്‍ നിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുറ്റവാളികള്‍ ആ ധീര സഖാവില്‍ നിന്ന് ഒരു തരിമ്പ് പോലും അനുകമ്പ പ്രതീക്ഷിക്കേണ്ട. ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്ക് സാങ്കല്‍പ്പിക കഥകള്‍ മെനയുന്നവര്‍ നിരാശപ്പെടും. പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞതില്‍ അസത്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി നല്‍കട്ടെ. അതല്ലെങ്കില്‍ കോടതിയെ സമീപിക്കട്ടെ. അപ്പോള്‍ കാണാം സംഘികള്‍ കലക്കിയാല്‍ കലങ്ങാത്ത ‘തൃശൂര്‍പൂരം’.

Related Articles

Back to top button