BREAKINGKERALA
Trending

അന്‍വറിന് മറുപടിയുമായി സിപിഎം; ആര്‍എസ്എസ്-സിപിഎം ബന്ധം പറയുന്നവരുടെ തൊലി പരിശോധിക്കണമെന്ന് എ വിജയരാഘവന്‍

മലപ്പുറം: പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് മലപ്പുറം ചന്തക്കുന്നില്‍ തന്നെ മറുപടിയുമായി സിപിഎം. നൂറുകണക്കിന് പ്രവര്‍ത്തകരെ എത്തിച്ച് ചന്തക്കുന്നില്‍ നടക്കുന്ന രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചാണ് സിപിഎം അന്‍വറിന് മറുപടി നല്‍ക്കുന്നത്. സിപിഎം പിബി അംഗം എ വിജയരാഘവന്‍ യോഗം ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ആയിഷയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആര്‍എസ്എസ്- സിപിഎം ബന്ധം പറയുന്നവരുടെ തൊലി പരിശോധിക്കണമെന്ന് എ വിജയരാഘവന്‍ വിമര്‍ശിച്ചു. മലപ്പുറത്തിന് വേറെ അര്‍ത്ഥം കൊടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വര്‍ഗീയ കണ്ണിലൂടെ മലപ്പുറത്തെ കാണുന്നത് തെറ്റാണെന്നും വിജയരാഘവന്‍ പറഞ്ഞു.
പി വി അന്‍വര്‍ വര്‍ഗശത്രുവാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു. അന്‍വറിന് കിട്ടുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെ കയ്യടിയാണെന്നും വിജയരാഘവന്‍ ആരോപിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ആര്‍എസ്‌സുകാരമെന്ന് പറഞ്ഞ് പി വി അന്‍വര്‍ സ്വയം ചെറുതായി. സ്വര്‍ണ്ണക്കടത്ത് പിടിക്കുന്നത് ക്രമസമാധാന പ്രശ്‌നം ഇല്ലാതാക്കാന്‍ വേണ്ടിയാണ്. ഇത് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാല്‍ നിവര്‍ത്തിയില്ലെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാല്‍ അതിന് ആളെ കിട്ടില്ല. ഒരു ഭീഷണിക്ക് മുന്നിലും കീഴടങ്ങില്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തി തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
വിഷയത്തില്‍ മാധ്യമങ്ങളെയും എ വിജയരാഘവന്‍ വിമര്‍ശിച്ചു. വൃത്തിയുള്ള വസ്ത്രം ധരിച്ച് ലിപ്സ്റ്റിക്കുമിട്ട് വരുന്ന മാധ്യമപ്രവര്‍ത്തകര്‍ കള്ളം പ്രചരിപ്പിക്കാനാണ് വരുന്നതെന്ന് വിജയരാഘവന്‍ ആരോപിച്ചു. സിപിഎമ്മിനെ കൊണ്ടേപോകുവെന്നതാണ് മാധ്യമങ്ങളുടെ നിലപാടെന്നും വിജയരാഘവന്‍ പറഞ്ഞു. വര്‍ഗീയ ശക്തികളും കമ്യൂണിസ്റ്റ് വിരുദ്ധരും മാധ്യമങ്ങളും ചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും കേരളത്തില്‍ തുടര്‍ഭരണമുണ്ടായി. സര്‍ക്കാരിനെതിരെ കള്ളം പറയാന്‍ മാത്രം ശമ്പളം കൊടുത്ത് മാധ്യമ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ഒരാളെ കിട്ടിയെന്ന് ആഘോഷിക്കുകയാണോ എന്നും എ വിജയരാഘവന്‍ ചോദിച്ചു.
ഈ ചെങ്കൊടി തൊട്ട് കളിക്കണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ പത്മാക്ഷന്‍ പറഞ്ഞു. അന്‍വറിനെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് നടന്നിട്ടുണ്ട്. പക്ഷേ പാര്‍ട്ടിക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയാന്‍ തുടങ്ങിയാല്‍ അതിനെ വക വെച്ച് തരില്ല. നിലമ്പൂരിലെ വികസനങ്ങള്‍ പുത്തന്‍ വീട്ടില്‍ തറവാട്ടില്‍ നിന്ന് കൊണ്ട് വന്നതല്ല. മാസങ്ങളോളം ആഫ്രിക്കയില്‍ പോയി കിടക്കുമ്പോഴും അന്‍വറിനെ സംരക്ഷിച്ചത് നിലമ്പൂരിലെ സാധാരണക്കാരായ സഖാക്കളാണെന്നും ഇ പത്മാക്ഷന്‍ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ ഇ പത്മാക്ഷന്‍ പറഞ്ഞു.

Related Articles

Back to top button