BREAKING NEWSKERALA

അന്‍സിയും അന്‍ജനയും മദ്യപിച്ചില്ല, സ്ഥിരം സന്ദര്‍ശകര്‍; ഹോട്ടല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

കൊച്ചി: മുന്‍ മിസ് കേരള വിജയികളായ അന്‍സി കബീറും അന്‍ജന ഷാജനും നമ്പര്‍ 18 ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരന്‍. ഒക്ടോബര്‍ 31ന് ഹോട്ടലില്‍ നടന്നത് നിശാപാര്‍ട്ടിയല്ലെന്നും ഹോട്ടലുടമയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഒത്തുചേര്‍ന്നതാണെന്നും ജീവനക്കാരനായ സോബിന്‍ ഒരു മാധ്യമത്തോട് പറയുന്നു.
വാരാന്ത്യങ്ങളിലും മറ്റും സുഹൃത്തുക്കള്‍ക്കായി റോയി ഇത്തരം ഒത്തുചേരലുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇരുപതോ മുപ്പതോ പേരാണ് പതിവായി ഈ പാര്‍ട്ടികളില്‍ പങ്കെടുക്കാറുള്ളത്. മുന്തിയ ഭക്ഷണവും മദ്യവുമെല്ലാം വിളമ്പും. പങ്കെടുക്കാനെത്തവര്‍ പാര്‍ട്ടി ആസ്വദിച്ച് ബില്‍ അടക്കുകയും ചെയ്യും.
അന്നേദിവസം അന്‍സി കബീറിനും സുഹൃത്തുക്കള്‍ക്കും ഭക്ഷണം വിളമ്പിയതും സോബിനായിരുന്നു. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന സോബിന്‍, പാര്‍ട് ടൈം ആയാണ് നമ്പര്‍ 18 ഹോട്ടലില്‍ ജോലിചെയ്യുന്നത്.
‘ആന്‍സിയും അന്‍ജനയും കൊച്ചിയില്‍ വരുമ്പോഴെല്ലാം ഹോട്ടലില്‍ വരാറുണ്ട്. അന്നേദിവസം അവിടെനടന്നത് നിശാപാര്‍ട്ടിയല്ല. ഹോട്ടലുടമയും അദ്ദേഹത്തിന്റെ അടുത്തസുഹൃത്തുക്കളും ഒത്തുചേരുക മാത്രമാണുണ്ടായത്. റൂഫ്‌ടോപ്പിലായിരുന്നു മേശകള്‍ ഒരുക്കിയിരുന്നത്. ഭക്ഷണവും മദ്യവും സംഗീതവുമെല്ലാം ഉണ്ടായിരുന്നതായും സോബിന്‍ പറഞ്ഞു.
‘ഉപഭോക്താക്കളുമായി നല്ലബന്ധം സൂക്ഷിക്കുന്നയാളാണ് ഹോട്ടലുടമയായ റോയ് വയലാട്ട്. ഇത്തരത്തിലുള്ള ഒത്തുചേരലുകള്‍ അദ്ദേഹം സംഘടിപ്പിക്കാറുമുണ്ട്. ഒക്ടോബര്‍ 31ലെ പരിപാടിയില്‍ മുപ്പതോളം പേരാണുണ്ടായിരുന്നത്. ആകെ 12 മേശകളില്‍ മൂന്ന് മേശകളിലാണ് ഞാന്‍ ഭക്ഷണം വിളമ്പിയിരുന്നത്. അതിലൊന്നില്‍ അന്‍സിയും സുഹൃത്തുക്കളും ഉണ്ടായിരുന്നു. രാത്രി 7.30ഓടെയാണ് അന്‍സിയും സുഹൃത്തുക്കളും ഹോട്ടലിലെത്തിയത്. ഷൈജു ഉള്‍പ്പെടെ മറ്റുള്ളവരെല്ലാം നേരത്തെ എത്തിയിരുന്നു. സ്ഥിരം സന്ദര്‍ശകയായതിനാല്‍ അന്‍സിക്ക് എന്നെ പരിചയമുണ്ട്. അതിനാല്‍ കൊച്ചിയില്‍ നടക്കുന്ന ഷൂട്ടിങ്ങിനെ സംബന്ധിച്ചെല്ലാം എന്നോട് പറഞ്ഞിരുന്നു. എന്റെ പഠനത്തെക്കുറിച്ചും കുടുംബത്തിന്റെ വിശേഷങ്ങളും തിരക്കി’.
‘മദ്യവും ഫ്രഞ്ച് ഫ്രൈസുമാണ് അവര്‍ ആദ്യം ഓര്‍ഡര്‍ ചെയ്തത്. അന്‍സിയും അന്‍ജനയും മദ്യപിച്ചിരുന്നില്ല. എന്നാല്‍ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ മദ്യം കഴിച്ചു. പിന്നീട് അവര്‍ ഭക്ഷണം കഴിക്കുകയും അതിനുശേഷം നൃത്തം ചെയ്യുകയും ചെയ്തു. ഇതിനിടെ, അന്‍ജന മറ്റുള്ളവരില്‍ ചിലരുമായി സംസാരിച്ചിരുന്നു. ഷൈജുവും റോയി വയലാട്ടും അവരോട് സംസാരിക്കുന്നതും കണ്ടു. 11.30ഓടെയാണ് അവര്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയത്. അന്‍സിയാണ് 1550 രൂപയുടെ ബില്‍ ഗൂഗിള്‍പേ വഴി അടച്ചത്. പോകുമ്പോള്‍ അടുത്ത ബുധനാഴ്ച വീണ്ടും വരുമെന്നും ഒരാഴ്ച കൂടി കൊച്ചിയിലെ ഷൂട്ടിങ് നീളുമെന്നും അന്‍സി പറഞ്ഞിരുന്നു’ സോബിന്‍ വിശദീകരിച്ചു.
എന്നാല്‍ 12.15ഓടെ ഹോട്ടലിലെ റിസപ്ഷനില്‍ എത്തിയപ്പോള്‍ അന്‍സിയെയും അന്‍ജനയെയും ഹോട്ടലിന് മുന്നില്‍ കണ്ടെന്നും സോബിന്‍ വെളിപ്പെടുത്തി. ‘അവര്‍ രണ്ടുപേരും റോയിയോടും ഷൈജുവിനോടും സംസാരിച്ചുനില്‍ക്കുകയായിരുന്നു. ആ സമയത്തും അന്‍സിയെ സന്തോഷവതിയായാണ് കണ്ടത്. പക്ഷേ, വാഹനം ഓടിച്ചിരുന്നയാള്‍ മദ്യലഹരിയിലായിരുന്നു. രാവിലെ വരെ അവിടെ വിശ്രമിക്കാന്‍ ഷൈജുവും റോയിയും അവരോട് പറഞ്ഞു. അക്കാര്യം ഞാന്‍ കേട്ടതാണ്. എന്നാല്‍ ഹോട്ടലില്‍നിന്ന് പോകാനാണ് അവര്‍ താത്പര്യപ്പെട്ടത്. പക്ഷേ, ഡ്രൈവര്‍ക്ക് ആ വാഹനം നിയന്ത്രിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നീട് ഷൈജു അവരെ പിന്തുടര്‍ന്ന് പോവുകയും ചെയ്തു. ഒരുമണിക്കൂറിന് ശേഷം ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ റോയി ഫോണ്‍ ചെയ്തപ്പോളാണ് അപകടവിവരം അറിയുന്നത്. ഷൈജുവാണ് റോയി വയലാട്ടിനെ അപകടവിവരം അറിയിച്ചത്’.
കാര്‍ അപകടത്തില്‍പ്പെട്ടെന്നും അവിടെപ്പോയി സഹായിക്കണമെന്നുമാണ് റോയി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് എന്റെ സഹപ്രവര്‍ത്തകരായ ഡാരിയല്‍, ജിജോ, ആന്റണി എന്നിവര്‍ അപകടസ്ഥലത്തേക്ക് പോയെങ്കിലും അപകടത്തില്‍പ്പെട്ടവരെ അപ്പോഴേക്കും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് അവര്‍ ആശുപത്രിയില്‍ എത്തിയപ്പോളാണ് അന്‍സിയും അന്‍ജനയും മരിച്ചെന്ന വിവരമറിയുന്നത്” സോബിന്‍ പറഞ്ഞു.
അതേസമയം, നിലവില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ പലതും യാഥാര്‍ഥ്യമല്ലെന്നും സോബിന്‍ പ്രതികരിച്ചു. അന്നത്തെ പാര്‍ട്ടിയില്‍ വി.ഐ.പി.കളാരും പങ്കെടുത്തിരുന്നില്ല. എല്ലാവരും റോയി വയലാട്ടിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഹോട്ടലില്‍വെച്ച് വാക്കുതര്‍ക്കമോ മറ്റുപ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നും സോബിന്‍ പറഞ്ഞു. എക്‌സൈസ് നടപടി ഭയന്നാണ് സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ച ഹാര്‍ഡ് ഡിസ്‌ക് റോയി നശിപ്പിച്ചതെന്നും സോബിന്‍ വ്യക്തമാക്കി. അതിന് മുമ്പുള്ള ദിവസം ഹോട്ടലില്‍ എക്‌സൈസ് റെയ്ഡ് നടത്തിയിരുന്നു. രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം വിളമ്പിയതിന് ബാര്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഒക്ടോബര്‍ 31നും രാത്രി 11.30 വരെ മദ്യം വിളമ്പിയിരുന്നു. ഇക്കാര്യമറിഞ്ഞാല്‍ എക്‌സൈസ് നടപടി സ്വീകരിക്കുമെന്നതിനാലാകാം ഹോട്ടലുടമ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതെന്നും സോബിന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker