BREAKINGKERALA
Trending

അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന് ഇന്‍ഷുറന്‍സില്ല, സാമ്പത്തിക സ്ഥിതിയില്ലെന്ന വിചിത്രവാദവുമായി മന്ത്രി ഗണേഷ് കുമാര്‍

കോഴിക്കോട്: തിരുവമ്പാടിയിലെ കെ.എസ്.ആര്‍.ടി.സി. ബസ് അപകടത്തില്‍ വിചിത്ര വാദവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. തിരുവമ്പാടിയില്‍ അപകടത്തില്‍പെട്ട ബസിന് ഇന്‍ഷുറന്‍സ് ഇല്ല എന്ന വിഷയം മന്ത്രിയുടെ മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍, എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് എടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല എന്നായിരുന്നു മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
മന്ത്രി പറഞ്ഞത്; കുറേ വണ്ടികള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ട്. എല്ലാ വണ്ടികള്‍ക്കും എടുക്കാനുള്ള സാമ്പത്തികം നമുക്ക് ഇല്ല. അങ്ങനെ എടുക്കണ്ട എന്ന് കോടതിയും പറഞ്ഞിട്ടുണ്ട്.
വണ്ടിക്ക് ഇന്‍ഷുറന്‍സ് ഇല്ല എന്നത് ശരിയാണ്. എന്നാല്‍ എല്ലാ വണ്ടിയും ഇന്‍ഷുറന്‍സ് ചെയ്യുക എന്നത് എളുപ്പമല്ല. വണ്ടിക്ക് വേറെ തകരാര്‍ ഒന്നും ഇല്ല. ഫിറ്റ്‌നസ് ഒക്കെ കറക്ടാണ്. ബൈക്കിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് താഴേക്ക് പോയി എന്നാണ് പ്രാഥമികമായി കിട്ടിയ റിപ്പോര്‍ട്ട്. ഡ്രൈവറുടെ പിശക് അല്ല. ദൃക്‌സാക്ഷികള്‍ പറഞ്ഞകാര്യങ്ങള്‍ വെച്ചാണ് റിപ്പോര്‍ട്ട് തന്നിരിക്കുന്നത്- മന്ത്രി പറഞ്ഞു.
തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് കഴിഞ്ഞദിവസം രണ്ടുപേര്‍ മരിച്ചിരുന്നു. ആനക്കാം പൊയില്‍ കണ്ടപ്പന്‍ചാല്‍ വേലാംകുന്നേല്‍ കമല, ആനക്കാം പൊയില്‍ തോയലില്‍ വീട്ടില്‍ മാത്യൂവിന്റെ ഭാര്യ ത്രേസ്യാമ മാത്യൂ (75) എന്നിവരാണ് മരിച്ചത്.
തിരുവമ്പാടി – ആനക്കാം പൊയില്‍ റൂട്ടിലാണ് അപകടം. തിരുവമ്പാടിയില്‍നിന്ന് ആനക്കാംപൊയിലിലേക്ക് വന്ന ബസ് കലുങ്കില്‍ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. 40-ഓളം ആളുകളാണ് ബസ്സില്‍ ഉണ്ടായിരുന്നത്.

Related Articles

Back to top button