BREAKING NEWSWORLD

അഫ്ഗാനില്‍ സംഗീതോപകരണങ്ങള്‍ക്ക് വിലക്ക്; പുസ്തകങ്ങളടക്കം നശിപ്പിക്കുന്നു

കാബൂള്‍: അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് ശരിയത്ത് നിയമം നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്. കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ ശരിയത്ത് നിയമം നടപ്പിലാക്കുമെന്ന് താലിബാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ശരിയത്ത് നിയമത്തില്‍ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.
അതേസമയം മുല്ല ഹസന്‍ അഖുന്ദ് പ്രധാനമന്ത്രിയായ മന്ത്രിസഭ കഴിഞ്ഞ ദിവസം താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭയില്‍ ഒരു വനിതാ മന്ത്രിയും ഉള്‍പ്പെട്ടിട്ടില്ല എന്നത് താലിബാന്റെ നിലപാടുകളില്‍ ഇനിയും മാറ്റം സംഭവിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്.
കാബൂളിലെ നോര്‍വീജിയന്‍ എംബസി ഇപ്പോള്‍ താലിബാന്റെ കൈയിലാണ്. താലിബാന്‍, എംബസി പിടിച്ചെടുത്തതിന് പിന്നാലെ ചെയ്ത കാര്യം മദ്യക്കുപ്പികള്‍ തകര്‍ത്തെറിയുകയായിരുന്നുവെന്ന് അംബാസര്‍ സിഗ്വാള്‍ഡ് ഹോഗ് ട്വീറ്റ് ചെയ്തു. എംബസിയിലുണ്ടായിരുന്നു കുട്ടികളുടെ പുസ്തകങ്ങളും താലിബാന്‍ ഭീകരവാദികള്‍ നശിപ്പിച്ചുവെന്ന് ഹോഗ് ട്വീറ്റ് ചെയ്തു.
കാബൂളിലെ എംബസി അടയ്ക്കുന്നതായി ഡെന്‍മാര്‍ക്കും നോര്‍വെയും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്താനിലെ സ്ഥിതി മോശമായതിനാല്‍ ജീവനക്കാരെ ഒഴിപ്പിക്കുകയാണെന്നായിരുന്നു ഡെന്‍മാര്‍ക്കും നോര്‍വെയും വ്യക്തമാക്കിയത്.
അതേസമയം സംഗീതോപകരണങ്ങള്‍ തകര്‍ക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
അഫ്ഗാന്‍ പിടിച്ചടക്കിയതിന് പിന്നാലെ താലിബാന്‍ സംഗീതത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ചില ചാനലുകള്‍ അവരുടെ വനിതാ ആങ്കര്‍മാരെയും പിരിച്ചുവിട്ടിരുന്നു. ഫവദ് അന്ദരാബി എന്ന പ്രാദേശിക ഗായകനെ താലിബാന്‍ വധിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് കൊണ്ട് താലിബാന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. എന്ത് പി.ജിയും പിഎച്ച്ഡിയും, ഞങ്ങള്‍ മഹാന്മാരായത് സ്‌കൂളില്‍ പോയിട്ടോ? എന്നായിരുന്നു താലിബാന്‍ വിദ്യാഭ്യാസമന്ത്രി ഷെയ്ഖ് മൊല്‍വി നൂറുല്ലാ മുനീര്‍ പറഞ്ഞത്. ഇതും താലിബാന്റെ നിലപാടുകളില്‍ മാറ്റം സംഭവിച്ചിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
വിദ്യാഭ്യാസ മന്ത്രി തന്നെ ഇത്തരത്തില്‍ ഒരു പ്രസ്താവനയുമായി രംഗത്തെത്തിയതോടെ താലിബാന്‍ ഭരണത്തിന് കീഴിലെ വിദ്യാഭ്യാസവും ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തെ സര്‍വകലാശാലകള്‍ക്ക് ശക്തമായ നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഇടകലരുന്ന യാതൊരു സാഹചര്യവും സര്‍വകലാശാലകളില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ കോളേജുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker