കാബൂള്‍: യുഎസ് സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന് ഏറ്റെടുത്തതോടെ രാജ്യത്ത് സമ്പത്തിക പ്രശ്നം രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. താലിബാന് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ വിദേശസഹായം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം.
താലിബാന്റെ നിയന്ത്രണത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയും രാജ്യത്ത് ഗുരുതര സാഹചര്യം ഉണ്ടാകുകയും ചെയ്തതോടെ ഭക്ഷ്യക്ഷാമം രൂക്ഷമാണ്. തൊഴില്‍ സ്ഥാപനങ്ങളില്‍ പലതും അടഞ്ഞതോടെ വരുമാനം നിലച്ച അവസ്ഥയിലാണ് ആളുകള്‍. ഇതോടെ പലരും വിലപിടിച്ച വീട്ടുസാധനങ്ങള്‍ വില്ക്കാന് ആരംഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. താലിബാന് ഭരണം ഏറ്റെടുത്തതോടെ ലോകബാങ്കും ഐഎംഎഫും അടക്കം വിദേശസഹായം അവസാനിപ്പിച്ചു. താലിബാന് സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് സാമ്പത്തിക സഹായം നല്കാന് മടി കാണിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഭക്ഷ്യക്ഷാമവും രൂക്ഷമായതോടെ യുഎന്‍ സഹായം നല്‍കും. സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രണ്ട് കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചു. യുഎന്നിന്റെ അടിയന്തര സഹായ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ച് നല്‍കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന് അറുപത് കൊടി ഡോളറിന്റെ അടിയന്തര സഹായം വേണമെന്നും യുഎന്‍ അറിയിച്ചു. യുഎന്‍ സന്നദ്ധത പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കാന്‍ യുഎന്‍ റിലീഫ് മേധാവി മാര്ട്ടിന് ഗ്രിഫിത്സ് കഴിഞ്ഞയാഴ്ച കാബൂളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനം ഉണ്ടായെങ്കിലും താലിബാന് സര്‍ക്കാരിനോട് അനുകൂല നിലപാട് സ്വീകരിക്കാന്‍ യുഎന്‍ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് താലിബാന് നേതാക്കള്‍ മുന്‍പ് നല്കിയ ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നുവെന്ന് യുഎന്‍ മനുഷ്യവകാശ ഹൈക്കമ്മിഷണര്‍ മീഷേല്‍ ബച്ചെല പറഞ്ഞു. ‘അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാരില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ല. പല പ്രവശ്യകളിലും 12 വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം വിലക്കി. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു’ എന്നും മീഷേല്‍ ബച്ചെല പറഞ്ഞു.
പുതിയതായി അധികാരമേറ്റ ഇടക്കാല സര്‍ക്കാര്‍ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങ് താലിബാന് ഒഴിവാക്കിയിരുന്നു. ധൂര്‍ത്ത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചടങ്ങ് ഒഴിവാക്കുന്നതെന്നാണ് താലിബാന് നിലപാട്. പണവും മറ്റ് വിഭവങ്ങളും പാഴാക്കാതിരിക്കാനാണ് പരിപാടി ഒഴിവാക്കിയതെന്നാണ് താലിബാന് വക്താവ് അറിയിച്ചത്. എന്നാല്‍ സാമ്പത്തിക പ്രശ്നമാണ് തീരുമാനത്തിന് കാരണം എന്നാണ് സൂചന. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ വാര്‍ഷികമായ സെപ്റ്റംബര്‍ 11ന് അധികാരമേല്‍ക്കല്‍ ചടങ്ങ് നടത്താനായിരുന്നു താലിബാന്റെ തീരുമാനം.
താലിബാന് സര്‍ക്കാരിനോടുള്ള നിലപാട് വ്യക്തമാക്കാന്‍ വിവിധ രാജ്യങ്ങള്‍ മടി കാണിക്കുന്നതിനിടെ പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈനിന്റെ ആദ്യ വിമാനം കാബൂള്‍ വിമാനത്താവളത്തിലെത്തി. താലിബാന് സര്‍ക്കാര്‍ വന്നശേഷമുള്ള പാകിസ്ഥാന്റെ ആദ്യ വിമാനമാണ് കാബൂളില്‍ എത്തിയത്. ഖത്തര്‍ എയര്‍ ലൈസന്‍സിന്റെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വിദേശികള്‍ക്കൊപ്പം അഫ്ഗാന് പൗരന്മാരെയുമായി കഴിഞ്ഞ ആഴ്ച കാബൂള്‍ വിട്ടിരുന്നു. യുഎസ് സൈന്യം പിന്മാറിയ ശേഷം കാബൂള്‍ രാജ്യാന്തര വിമാനത്താവളം പൂര്‍ണനിലയില്‍ സജ്ജമായിട്ടില്ല.