BREAKING NEWSWORLD

‘അഫ്ഗാന്‍ ഭീകരതയുടെ താവളമാകരുത്; സമാധാനപരമായി പരിഹരിക്കണം: ബ്രിക്‌സ് ഉച്ചകോടി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 13ാമത് ബ്രിക്‌സ് ഉച്ചകോടി. അഫ്ഗാന്‍ മണ്ണ് ഭീകരപ്രവര്‍ത്തനത്തിനുള്ള താവളമായി ഉപയോഗിക്കരുതെന്നും മറ്റു രാജ്യങ്ങള്‍ക്കെതിരായ ഭീകരതയുടെ കേന്ദ്രമാകരുതെന്നും ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് ഉച്ചകോടി ആവശ്യപ്പെട്ടു.
ഡല്‍ഹി പ്രഖ്യാപനം എന്ന പേരില്‍ അംഗീകരിച്ച സംയുക്ത നിലപാടില്‍ അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം സമാധാനപമായിരിക്കണം എന്ന നിര്‍ദ്ദേശം ബ്രിക്‌സ് രാജ്യങ്ങള്‍ മുന്നോട്ടു വച്ചു. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് ചൈനയും റഷ്യയും അംഗീകരിച്ചു.
ഭീകരര്‍ക്ക് സുരക്ഷിത താവളം നല്കരുത്, മറ്റു രാജ്യങ്ങള്‍ക്കെതിരെ യുദ്ധം നടത്താന്‍ ഭീകര സംഘടനകള്‍ക്ക് അഫ്ഗാന്‍ മണ്ണാകരുത് എന്നും പ്രഖ്യാപനത്തിലുണ്ട്. ഐഎസ് വീണ്ടും സജീവമാകുന്നതില്‍ എല്ലാ നേതാക്കളും ആശങ്ക അറിയിച്ചു. ഭീകരരുടെ അതിര്‍ത്തി കടന്നുള്ള നീക്കവും ഭീകര പ്രവര്‍ത്തനത്തിന് ധനസഹായം നല്‍കുന്ന ശൃംഖലകളും സുരക്ഷിത താവളങ്ങളും ഉള്‍പ്പെടെ ഭീകരവാദത്തിനെതിരെ പോരാടാന്‍ അഫ്ഗാന്‍ പ്രതിജ്ഞാബദ്ധമാണ്. അഫ്ഗാനിസ്ഥാന്‍ അക്രമത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്നും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ സാഹചര്യം പരിഹരിക്കണമെന്നും ബ്രിക്‌സ് നേതാക്കള്‍ ആവശ്യപ്പെട്ടു. രാജ്യത്ത് സ്ഥിരത, സമാധാനം, ക്രമസമാധാനം എന്നിവ ഉറപ്പുവരുത്തുന്നതിനായി അഫ്ഗാനില്‍നിന്നുള്ള സംവാദവും നേതാക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം കാബൂളിലെ ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍ നൂറിലേറെ പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തെ ഉച്ചകോടി അപലപിച്ചു.
അഫ്ഗാനിസ്ഥാനില്‍നിന്നു യുഎസ് സേനയും സഖ്യകക്ഷികളും പിന്‍വാങ്ങിയത് രാജ്യത്ത് ഒരു പുതിയ പ്രതിസന്ധിക്ക് ഇടയാക്കിയെന്നും ഇത് ആഗോളവും പ്രാദേശികവുമായ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്നതില്‍ ഇപ്പോഴും വ്യക്തയില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker