BREAKINGKERALANRI

അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും, മകനെ വേഗം തിരിച്ചെത്തിക്കണം, ഇനിയും കേസ് നീട്ടരുതെന്ന് റഹീമിന്റെ ഉമ്മ

റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന മകനെ വേഗം തിരിച്ചെത്തിക്കാന്‍ നടപടി വേണമെന്ന് അബ്ദുല്‍ റഹീമിന്റെ മാതാവ് ഫാത്തിമ. ഇനിയും കേസ് നീട്ടരുത്. കേസ് ഇങ്ങനെ നീട്ടീവയ്ക്കുന്നതില്‍ എന്തെങ്കിലും കാരണം ഉണ്ടാകുമെന്നും അത് വേഗത്തില്‍ കണ്ടെത്തണമെന്നും ഫാത്തിമ പറഞ്ഞു.
സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിങ്ങില്‍ കേസ് പരിഗണിച്ചെങ്കിലും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് കേസ് മാറ്റിവെച്ചു. മാറ്റിയത് ജനുവരി 15ലേക്കാണ്. അന്ന് രാവിലെ 8 മണിക്ക് കേസ് പരിഗണിക്കും.
മോചന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നടന്നത്. ഡിസംബര്‍ 12ലേത് സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് 30ലേക്ക് മാറ്റിയിരുന്നത്. എന്നാല്‍ ഇന്നും കേസ് മാറ്റിവെക്കുകയായിരുന്നു. ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം നല്‍കുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്‌തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാവാത്തതിനാല്‍ മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നിരുന്നു.
ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബര്‍ 21നാണ് നടന്നത്. എന്നാല്‍ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചു. എന്നാല്‍ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബര്‍ എട്ടിലേക്ക് മാറ്റി. ആ തീയതിയില്‍ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാല്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നല്‍കാനായി. അത് കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബര്‍ 12 ലേക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ഡിസംബര്‍ 30ലേക്ക് വീണ്ടും കോടതി സിറ്റിങ് നിശ്ചയിച്ചത്. ഇതാണ് ഇപ്പോള്‍ വീണ്ടും മാറ്റിയത്.

Related Articles

Back to top button