KERALALATEST

അഭയ കേസിലെ നീതി പോരാളികൾ വാളയാർ കുട്ടികളുടെ അമ്മയോടൊപ്പം

 


കൊച്ചി:വാളയാര്‍ നീതി സമരസമിതി നടത്തിയ സത്യാഗ്രഹത്തിന് പിന്തുണയുമായി ജോമോന്‍ പുത്തന്‍ പുരയ്ക്കലും രാജുവും.അഭയയുടെ കൊലപാതകികളെ നിയമത്തിന്റ മുന്നിലെത്തിക്കാന്‍ ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ പോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍ പുരയ്ക്കലും പ്രധാന സാക്ഷി രാജുവും വാളയാര്‍ കുട്ടികളുടെ മരണത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികളായവരെ കണ്ടെത്തി നിയമപരമായ ശിക്ഷിക്കണമെന്നുംകേസ് അട്ടിമറിച്ച പൊലീസ് മേധാവി സോജനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധിസ്‌ക്വയറില്‍ വാളയാര്‍ നീതി സമരസമിതി നടത്തിയ സത്യാഗ്രഹത്തില്‍ ഐക്യദാര്‍ഢ്യവുമായെത്തി. മുന്‍പ് മോഷ്ടാവായിരുന്ന രാജു പങ്കാളിയായ ആദ്യ പ്രക്ഷോഭണ വേദിയായിരുന്നു ഈ സമരവേദി. വാളയാര്‍ കുട്ടികളുടെ അമ്മയോടൊപ്പം വിവിധ സാമൂഹ്യ – മനുഷ്യവകാശ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന സമരം ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഉല്‍ഘാടനം ചെയ്തു.വാളയാര്‍ നീതി സമരസമിതി കണ്‍വീനര്‍ മാര്‍സന്‍, ജോ.കണ്‍വീനര്‍ അനിതാ ഷിബു, അഡ്വ. ജയശങ്കര്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.

പ്രലോഭനങ്ങളേയും ഭീഷണികളേയും അതിജീവിച്ച ഒരു സാധാരണ മനുഷ്യനായ രാജുവിന്റെ ഉറച്ച നിശ്ചയദാര്‍ഢ്യത്താലും നീതിബോധത്താലും നല്കിയ സാക്ഷി മൊഴി ആയിരുന്നു അഭയ കേസ് പ്രതികളെ ശിക്ഷിക്കപ്പെടുന്നതിലേക്കെത്തിച്ചത്. 28 വര്‍ഷങ്ങളായി ഈ നീതി നിയമ പോരാട്ടത്തിനായ് ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമാണ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. ഇവര്‍ രണ്ടു പേരും ഇന്ന് നടന്ന വാളയാര്‍ നീതി സമരത്തില്‍ പങ്കാളികളാകുന്നതിലൂടെ കേരളത്തിലെ നീതി നിഷേധത്തിനെതിരെയുള്ള സമര ചരിത്രത്തിലെ സുപ്രധാന നാഴികകല്ലാവുന്നു ഈ സമരം. അടിയന്തരാവസ്ഥയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊലചെയ്യപ്പെട്ട രാജന്റെ പിതാവ് ഈച്ചരവാര്യര്‍ , മകന്റെ കൊലയാളികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുവാന്‍ നടത്തിയ നിയമ പോരാട്ടം കേരളത്തിന്റെ ചരിത്രത്തിലെസമാനതകളില്ലാത്ത ഒന്നാണ്. രണ്ട് പെണ്‍ കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കീഴടങ്ങാന്‍ തയ്യാറാവാത്ത പോരാട്ടത്തില്‍ മനുഷ്യത്വം മരവിക്കാത്ത എല്ലാ മനുഷ്യരുടേയും പങ്കാളിത്തമാണ് ഈ അമ്മയ്ക്ക് കരുത്താകുന്നത് .

Related Articles

Back to top button