BREAKINGNATIONAL

അമിത് ഷായുമായുള്ള കൂടിക്കാഴ്ച വിജയം; ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍ ബിജെപിയില്‍ ചേരും

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായി ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ വിശ്വസിച്ചാണ് തീരുമാനം എന്ന് ചംപയ് സോറന്‍ പ്രഖ്യാപിച്ചു. തന്റെ വേദന പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരിടം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. ജാര്‍ഖണ്ഡിലെ സാധാരണക്കാര്‍ പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ളതാകും പുതിയ പോരാട്ടം എന്നും ചംപയ് സോറന്‍ വ്യക്തമാക്കി.
സോറനെ ജെഎംഎമ്മിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള അനുനയ നീക്കങ്ങള്‍ പാളിയതിന് പിന്നാലെയാണ് സോറന്റെ പുതിയ പ്രഖ്യാപനം. കടുത്ത അതൃപ്തി അറിയിച്ചാണ് ചംപയ് സോറന്‍ പാര്‍ട്ടി വിട്ടിരുന്നത്. പാര്‍ട്ടിയില്‍ അപമാനവും അവഹേളനവും നേരിട്ടെന്നും ഇതിനാലാണ് മറ്റൊരു ബദല്‍ മാര്‍ഗ്ഗം തേടാന്‍ താന്‍ നിര്‍ബന്ധിതനായെന്നുമായിരുന്നു ചംപയ് സോറന്‍ പറഞ്ഞിരുന്നത്. ബിജെപിയിലേക്ക് ഇല്ലെന്നായിരുന്നു സോറന്‍ നേരത്തെ അറിയിച്ചിരുന്നത്.
ഇഡി കേസില്‍ ജയിലിലായപ്പോള്‍ മുഖ്യമന്ത്രി പദം രാജിവച്ച ഹേമന്ത് സോറന്‍ സ്ഥാനം ചംപായ് സോറനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ജയില്‍വാസം കഴിഞ്ഞ് തിരികെ വന്നപ്പോള്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദം തിരികെ ഏറ്റെടുത്തു. ഇതോടെയാണ് ഇരുവരും തമ്മില്‍ അകന്നത് എന്നാണ് വിവരം. ഝാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളപ്പോഴാണ് ചംപയ് സോറന്റെ രാഷ്ട്രീയ നീക്കം.

Related Articles

Back to top button