BREAKINGKERALA
Trending

അമേരിക്കന്‍ കമ്പനിയുടെ സംശയകരമായ സര്‍വേ; കേന്ദ്രം അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: രാജ്യത്തിന്റെ അഖണ്ഡതയ്ക്കുതന്നെ ഭീഷണിയുയര്‍ത്തുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി അമേരിക്കന്‍ കമ്പനി തിരുവനന്തപുരം ഉള്‍പ്പെടെ 54 ഇന്ത്യന്‍ നഗരങ്ങളില്‍ സംശയകരമായ സര്‍വേ നടത്തിയതില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി.
2010-ല്‍നടന്ന സര്‍വേയില്‍ കേരള പോലീസിന്റെ അന്വേഷണം പര്യാപ്തമല്ലെന്ന് വിലിയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. വാഷിങ്ടണ്‍ ഡി.സി.യില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സ്റ്റണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റ്സ് (പി.എസ്.ആര്‍.എ.) എന്ന സ്ഥാപനത്തിനായി ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ടെയ്ലര്‍ നെല്‍സണ്‍ സോഫ്രെസ് (ടി.എന്‍.എസ്.) ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് സര്‍വേ നടത്തിയത്.
2010 ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരം അട്ടക്കുളങ്ങര ഫ്രണ്ട്‌സ് നഗറില്‍ നടത്തിയ സര്‍വേ ക്രമസമാധനപ്രശ്‌നത്തിന് കാരണമായി. ചോദ്യങ്ങള്‍ മുസ്ലിം മതവിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്നു കണ്ടെത്തി ടി.എന്‍.എസ്. കമ്പനിയുടെയും ഡയറക്ടര്‍ പ്രദീപ് സക്‌സേനയുടെയുംപേരില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു. ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐ.എസ്.ഐ.ടി.) തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യത്തിന്റെ മതസൗഹാര്‍ദത്തെയടക്കം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍വേ എന്നായിരുന്നു കണ്ടെത്തിയത്.
ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍.എസും ഡയറക്ടറുമാണ് ഹര്‍ജി നല്‍കിയത്. വിഷയം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ കേസ് റദ്ദാക്കാനാകില്ലെന്നും വ്യക്തമാക്കി.
ഇസ്ലാം നേരിടുന്ന വെല്ലുവിളിയെന്ത്, ഇസ്ലാം മതവിശ്വാസത്തെ സംരക്ഷിക്കുന്നതിനായി ബോംബ് സ്ഫോടനമടക്കം നടത്തുന്നതിനെ ന്യായീകരിക്കുന്നുണ്ടോ, നല്ല മുസ്ലിം ആയിരിക്കുന്നതിന്റെ പ്രാധാന്യം എന്ത് തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങള്‍ മതവിശ്വസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു വിദേശസ്ഥാപനത്തിന് സര്‍വേ നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിവേണം. ഇവിടെ അത്തരമൊരു അനുമതിയില്ലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണം -കോടതി പറഞ്ഞു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു നല്‍കാന്‍ പോലീസിനും നിര്‍ദേശം നല്‍കി.
‘ഗ്രീന്‍ വേവ് 12’ എന്ന പേരില്‍ ഇന്ത്യക്കുപുറമേ ഇന്‍ഡൊനീഷ്യ, തായലാന്‍ഡ്, മലേഷ്യ തുടങ്ങിയ 20 രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്.

Related Articles

Back to top button