BREAKING NEWSKERALA

അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ കേസ്, പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസിലെ ആറ് പ്രതികളും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കുഞ്ഞിനെ കാണാനില്ലെന്ന പരാതി നല്‍കിയ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഹര്‍ജി ഈ മാസം 28 ന് കോടതി പരിഗണിക്കും. കേസില്‍ പൊലീസിന്റെ നിലപാടറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കുഞ്ഞിനെ മാറ്റിയെന്ന പരാതിയില്‍ ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചത്.
കുട്ടി ജനിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ജനന രജിസ്റ്റര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ നിന്നും കണ്ടെടുത്ത കുഞ്ഞിന്റെ ജനന രജിസ്റ്ററില്‍ നിന്നും തന്നെ കുഞ്ഞിനെ മാറ്റാനുള്ള നീക്കത്തിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. രജിസ്റ്ററില്‍ കുഞ്ഞിന്റെ അച്ഛന്റെ പേര് മണക്കാട് സ്വദേശി ജയകുമാറെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനൊരാളില്ലെന്ന് പൊലീസ് അറിയിച്ചു.
കാട്ടാക്കട പഞ്ചായത്തില്‍ നിന്നും കുട്ടിയുടെ വിവരം പൊലീസ് ശേഖരിച്ചു. വിവാദത്തില്‍ ഉള്‍പ്പെട്ട എല്ലാവരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. പൊലീസ് അന്വേഷണത്തോടൊപ്പം സാമൂഹ്യക്ഷേമ വകുപ്പിന്റെ അന്വേഷണവും നടക്കുകയാണ്. ദത്തെടുക്കലിലുണ്ടായ വീഴ്ചകള്‍ റിപ്പോര്‍ട്ടിലുണ്ടാകും. ദത്ത് നടപടികള്‍ അന്തിമമായി പൂര്‍ത്തിയാകാത്തതിനാല്‍ കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്നുണ്ടെന്ന കാര്യം ഇതിനകം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചുകഴിഞ്ഞു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന അനുപമയുടെ ആവശ്യവും സര്‍ക്കാര്‍ അന്വേഷണവും അറിയിച്ചിട്ടുണ്ട്. കോടതിയുടെ അന്തിമ തീര്‍പ്പാണ് ഇനി പ്രധാനം. കേന്ദ്ര വനിതാ ശിശുക്ഷേമ വികസന മന്ത്രാലയത്തിന് കീഴിലെ നോഡല്‍ ഏജന്‍സി കാര വഴിയാന്‍ണ് കുഞ്ഞിനെ ആഗസ്റ്റ് ഏഴിന് ദത്ത് നല്‍കിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker