BREAKINGENTERTAINMENTKERALA

അമ്മയായും നായികയായും തിളങ്ങിയ ‘പൊന്നി’

മലയാള സിനിമയിലെ അമ്മ. അതാണ് കവിയൂര്‍ പൊന്നമ്മയുടെ ബ്രാന്‍ഡ് നെയിം. എന്നാല്‍, അമ്മ റോളുകള്‍ക്കപ്പുറം, വ്യത്യസ്തമായ നിരവധി വേഷങ്ങളും കെട്ടിയാടിയിട്ടുണ്ട് കവിയൂര്‍ പൊന്നമ്മ.
തന്റെ 22-ാം വയസിലാണ് കവിയുര്‍ പൊന്നമ്മ അമ്മ വേഷത്തിലേക്ക് എത്തുന്നത്.അന്നത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ശശികുമാര്‍ സംവിധാനം ചെയ്ത ‘കുടുംബിനി’ യില്‍ ഷീലയുടെ അമ്മയായി അഭിനയിച്ചാണ് ഷീലയെക്കാള്‍ പ്രായം കുറഞ്ഞ കവിയൂര്‍ പൊന്നമ്മയുടെ കടന്നു വരവ്.
1965-ല്‍ പുറത്തിറങ്ങിയ തൊമ്മന്റെ മക്കളില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി അഭിനയിച്ച പൊന്നമ്മ,പിന്നീട് ഓടയില്‍ നിന്നെന്ന കേശവദേവിന്റെ വിഖ്യാത നോവല്‍ സിനിമയാക്കിയപ്പോള്‍ അതില്‍ സത്യന്റെ നായികയായി.
1965-ല്‍ തന്നെ പുറത്തിറങ്ങിയ റോസിയില്‍ ടൈറ്റില്‍ കഥാപാത്രമായി കവിയൂര്‍ പൊന്നമ്മ എത്തിയപ്പോള്‍, നായകനായത് പ്രേം നസീര്‍. ഈ സിനിയിലെ നിര്‍മ്മാതാവ് മണിസ്വാമി പിന്നീട് പൊന്നമ്മയുടെ ജീവിത പങ്കാളിയായി. 1962-ല്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ രാവണനായെത്തിയ പട്ടാഭിഷേകത്തില്‍ , രാവണ പത്‌നി മണ്ഡോദരിയായി വേഷമിട്ടത് കവിയൂര്‍ പൊന്നമ്മയായിരുന്നു.
1973-ല്‍ പുറത്തിറങ്ങിയ പെരിയാറില്‍ മകനായി അഭിനയിച്ച തിലകന്‍ പിന്നീട്, കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചതും കൗതുകം. 1974-ലെ നെല്ല് എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളില്‍ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.
കഥാപാത്രങ്ങളുടെ പ്രായം ഒരുപോലെ വന്നാലും തന്റെതായ മാറ്റം കൊണ്ടുവരാന്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് സാധിച്ചു. സേതുമാധവന്റെ അമ്മയല്ല രാഘവന്‍ നായരുടെ അമ്മയായ ജാനകി, തേന്മാവിന്‍ കൊമ്പത്തിലെ യശോദാമ്മയല്ല ഇന്‍ ഹരിഹര്‍ നഗറിലെ ആന്‍ഡ്രൂസിന്റെ അമ്മച്ചി. സമാനതകളില്ലാത്ത ഭാവ വേഷപ്പകര്‍ച്ചകളുമായി പതിറ്റാണ്ടുകള്‍ നീണ്ട അമ്മ വേഷത്തിലൂടെ കവിയൂര്‍ പൊന്നമ്മ നമ്മെ വിസ്മയിപ്പിച്ചു.

Related Articles

Back to top button