LATESTNATIONAL

‘അമ്മയുടെ 31 വര്‍ഷത്തെ പോരാട്ടത്തിന്റെ ജയം’: പേരറിവാളന്‍

ചെന്നൈ: മുപ്പത്തിയൊന്ന് വര്‍ഷത്തെ ജയില്‍വാസം അവസാനിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ സന്തോഷം പ്രകടിപ്പിച്ച് പേരറിവാളന്‍. അമ്മയുടെ 31 വര്‍ഷത്തെ പോരാട്ടത്തിന്റെ ജയമെന്നായിരുന്നു പേരറിവാളന്റെ പ്രതികരണം. തങ്ങളെ പിന്തുണയ്ക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത മുഖ്യമന്ത്രി എം കെ സ്റ്റാലിനോടും മറ്റ് നേതാക്കളോടും നന്ദി പറയുന്നുവെന്നായിരുന്നു പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാളിന്റെ പ്രതികരണം. സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കാന്‍ ഭരണഘടന സുപ്രീംകോടതിക്ക് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.
മോചനത്തിനുള്ള അപേക്ഷ പേരറിവാളന്‍ തമിഴ്‌നാട് ഗവര്‍ണ്ണര്‍ക്ക് 2015 ലാണ് നല്‍കിയത്. എന്നാല്‍ തീരുമാനം എടുക്കാതെ ഗവര്‍ണ്ണര്‍ ഇതു നീട്ടിക്കൊണ്ട് പോയപ്പോഴാണ് പേരറിവാളന്‍ സുപ്രീംകോടതിയില്‍ എത്തിയത്. പിന്നീട് തമിഴ്‌നാട് സര്‍ക്കാര്‍ മോചനത്തിന് ശുപാര്‍ശ നല്‍കിയെങ്കിലും ഗവര്‍ണ്ണര്‍ തീരുമാനം രാഷ്ട്രപതി എടുക്കട്ടെ എന്ന നിലപാട് സ്വീകരിച്ചു. കേന്ദ്രസര്‍ക്കാരും ഗവര്‍ണ്ണറുടെ നിലപാടിനോട് യോജിച്ചു. ഈ വാദം തള്ളിയാണ് സുപ്രീംകോടതി മോചനത്തിന് ഉത്തരവ് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയാല്‍ ഗവര്‍ണ്ണര്‍ക്ക് തീരുമാനിക്കാം. അത് രാഷ്ട്രപതിക്ക് വിട്ടത് എന്തിനെന്ന് കോടതി ചോദിച്ചു.
ഭരണഘടനയുടെ 142 ആം അനുച്ഛേദം നല്‍കുന്ന അധികാരം ഉപയോഗിച്ച് കോടതി തന്നെ മോചനത്തിന് ഉത്തരവിടുകയാണെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാജീവ് ഗാന്ധി വധക്കേസില്‍ 25 പേര്‍ക്കാണ് ആദ്യം വിചാരണ നടത്തിയ ടാഡ കോടതി വധശിക്ഷ നല്‍കിയത്. ഇതില്‍ പേരറിവാളന്‍ ഉള്‍പ്പടെ എഴുപേരുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചു. ദയാഹ!ര്‍ജിയിലെ തീരുമാനത്തിന് കാലതാമസം ഉണ്ടയത് ചൂണ്ടിക്കാട്ടി വധശിക്ഷ ജീവപര്യന്തമാക്കി. ഈ വര്‍ഷം മാര്‍ച്ചില്‍ കോടതി പേരറിവാളന് ജാമ്യം നല്‍കിയിരുന്നു. ഗവര്‍ണ്ണറുടെ അധികാരം പോലുള്ള ഭരണഘടന വിഷയങ്ങളില്‍ കോടതി 142ആം അനുച്ഛേദം പ്രയോഗിക്കുന്നത് അസാധാരണമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker