BREAKINGKERALA

അമ്മ പിളര്‍പ്പിലേക്ക്; ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ 20 അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് താരസംഘടനയായ അമ്മയിലുണ്ടാക്കിയ പൊട്ടിത്തെറി തുടരുന്നു. അഭിനേതാക്കള്‍ക്ക് ട്രേഡ് യൂണിയന്‍ സ്വഭാവത്തോടെയുള്ള സംഘടന വേണമെന്ന് ആവശ്യപ്പെട്ട് 20ഓളം പേര്‍ രംഗത്തെത്തി. ഇക്കാര്യവുമായി ഇവര്‍ വിവിധ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ഫെഫ്കയെ സമീപിച്ചു. അമ്മ പിളര്‍പ്പിലേക്ക് എന്നു പറയാന്‍ പറ്റില്ലെന്നും ട്രേഡ് യൂണിയന്‍ രൂപത്തിലുള്ള സംഘടന രൂപീകരിക്കുന്ന കാര്യത്തെക്കുറിച്ചാണ് ആലോചന നടന്നത് എന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ പെരുമാറാന്‍ കഴിയില്ലെന്നും അമ്മ നേതൃത്വം പലപ്പോഴും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പലപ്പോഴും അഴകൊഴമ്പന്‍ നിലപാടിനു പകരം കൃത്യമായ നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായമുള്ളവര്‍ സംഘടനയിലുണ്ട്. ഒരു ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങുകയും ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമുണ്ടായ ദുര്‍ബലമായ പ്രതികരണം അമ്മയ്ക്കുള്ളില്‍ തന്നെ പൊട്ടിത്തെറികള്‍ക്ക് വഴിവയ്ക്കുകയും ഇതിനു പിന്നാലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവയ്ക്കുകയുമായിരുന്നു. ഇതിനിടെയാണ് സംഘടനയിലെ 20ഓളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്ന കാര്യങ്ങളുമായി ഫെഫ്ക ചെയര്‍മാന്‍ സിബി മലയിലിനെയും ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെയും കാണുന്നത്.
ഇത്തരത്തില്‍ അമ്മയിലെ അംഗങ്ങള്‍ തങ്ങളെ കണ്ടിരുന്ന കാര്യം ബി.ഉണ്ണികൃഷ്ണനും സ്ഥിരീകരിച്ചു. എന്നാല്‍ പിളര്‍പ്പല്ല അവര്‍ ഉദ്ദേശിക്കുന്നത് എന്നും അമ്മ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു ട്രേഡ് യൂണിയന്‍ രൂപീകരിക്കുക എന്നതായിരുന്നു ആലോചനയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ രൂപീകരിച്ചാല്‍ ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്യാന്‍ സാധിക്കുമോ എന്നും ആരാഞ്ഞിരുന്നു എന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. സിനിമയിലെ വിവിധ മേഖലകളിലുള്ള 21 യൂണിയനുകള്‍ ഇപ്പോള്‍ത്തന്നെ ഫെഫ്കയിലുണ്ട്. പുതിയ ഒരു യൂണിയനെ ഉള്‍പ്പെടുത്തണമെങ്കില്‍ ജനറല്‍ കൗണ്‍സില്‍ കൂടി അംഗീകാരം നേടുകയും പിന്നീട് സംഘടനയുടെ നിയമാവലികളും ചട്ടക്കൂടിനുമൊക്കെ രൂപം നല്‍കുകയും വേണമെന്ന് തന്നെ സമീപിച്ചവരോട് വ്യക്തമാക്കിയെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.
അമ്മയുടെ പ്രവര്‍ത്തനരീതിയോട് ആഭിമുഖ്യമില്ലാത്തവരും തൊഴില്‍ നിഷേധം അടക്കമുള്ള വിഷയങ്ങളില്‍ ഇടപെടാത്ത സംഘടനാ രീതി മാറ്റണമെന്ന ആവശ്യമുള്ളവരുമൊക്കെയാണ് പുതിയ സംഘടന രൂപീകരിക്കണമെന്ന അഭിപ്രായമുള്ളവര്‍. അതുകൊണ്ടു തന്നെ അമ്മയില്‍ തുടര്‍ന്നുകൊണ്ട് പുതിയ സംഘടന രൂപീകരിക്കുമോ അതോ അമ്മയെ പിളര്‍ത്തിക്കൊണ്ട് പുതിയ സംഘടന ഉണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ളത്. തങ്ങള്‍ മാക്ട എന്ന സാംസ്‌കാരിക സംഘടനയിലും ഫെഫ്കയിലും അംഗമാണെന്നും ഈ രീതി അഭിനേതാക്കള്‍ക്കും പിന്തുടരാമെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നുണ്ട്. എന്നാല്‍ ഏറെക്കുറെ നിര്‍ജീവമായ അവസ്ഥയാണ് ഇപ്പോള്‍ മാക്ടയുടേത്. പുതിയ സംഘടന വന്നാല്‍ അമ്മയുടെ അവസ്ഥയും ഈ അവസ്ഥയിലെത്തുമോ എന്നതും പ്രധാനമാണ്.

Related Articles

Back to top button