‘
കൊല്ലം: അഞ്ചലിനടുത്ത് ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് പോരാട്ടം കുടുംബ കാര്യമാണോയെന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റം പറയാനാകില്ല. കാരണം അമ്മയും മകനും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പനച്ചിവിളയിലാണ് അമ്മയും മകനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. പനച്ചിവിള പുത്താറ്റ് ദിവ്യാലയത്തില്‍ സുധര്‍മ്മ ദേവരാജനും മകന് ദിനുരാജുമാണ് സ്ഥാനാര്‍ഥികള്‍.
സുധര്‍മ്മ ദേവരാജന്‍ ബിജെപി സ്ഥാനാര്‍ഥിയായി എന്‍ഡിഎയ്ക്കുവേണ്ടിയും ദിനുരാജ് സിപിഎം സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് ബാനറിലുമാണ് മത്സരിക്കുന്നത്. യുഡിഎഫ് ഇതുവരെ ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ഥി വന്നാല്‍ പോലും അത് സുധര്‍മ്മയും മകന് ദിനുരാജും തമ്മിലുള്ള പോരാട്ടത്തെ തെല്ലും ബാധിക്കില്ലെന്നാണ് ഇവിടുത്തെ നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ തവണയും ഇവിടെ സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു പോരാട്ടം. സുധര്‍മ്മ തന്നെയായിരുന്നു അന്നും ബിജെപിക്കുവേണ്ടി മത്സരിച്ചത്. കടുത്ത പോരാട്ടം കാഴ്ചവെച്ച സുധര്‍മ്മ നേരിയ വോട്ടുകള്‍ക്കു മാത്രമാണ് പരാജയപ്പെട്ടത്. ഈ ആത്മവിശ്വാസം കൊണ്ടാണ് ഇത്തവണയും സുധര്‍മ്മയെ തന്നെ ബിജെപി രംഗത്തിറക്കുന്നത്. സുധര്‍മ്മയിലൂടെ വാര്‍ഡ് പിടിച്ചെടുക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
അതേസമയം ചെറുപ്പക്കാരനായ ദിനുരാജിലൂടെ വാര്‍ഡ് വമ്പിച്ച ഭൂരിപക്ഷത്തില്‍ വാര്‍ഡ് നിലനിര്‍ത്താമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. ചെറുപ്പക്കാരനായ സ്ഥാനാര്‍ഥി വന്നതിന്റെ ആവേശത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും. ഏതായാലും അമ്മയും മകനും ഏറ്റുമുട്ടുമ്പോള്‍ ഇവിടുത്തെ തെരഞ്ഞെടുപ്പ് പോരാട്ടം വെറുമൊരു കുടുംബകാര്യമായി മാറില്ലെന്ന് ഉറപ്പ്.