പ്രാണപ്രതിഷ്ഠ നടന്ന് ആറ് മാസത്തിനുള്ളിൽ അയോധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ചോർച്ചയുണ്ടെന്ന് മുഖ്യപുരോഹിതൻ. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലാണ് ചോരാൻ തുടങ്ങിയിരിക്കുന്നതെന്ന് മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രത്തിനുള്ളിലെ വെള്ളം പുറത്ത് പോകാൻ വഴികളില്ലെന്നും ഇക്കാര്യം പ്രാധാന്യത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴ കൂടിയാൽ ക്ഷേത്രത്തിലെ ആരാധന മുടങ്ങും. എന്ത് പോരായ്മയാണുണ്ടായതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരി 22 നാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടത്തിയത്.
ഇതിനിടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ അയോധ്യയിലേക്കുള്ള വിമാനം, ട്രെയിന്‍, ബസ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള പ്രത്യേക ബസ് സര്‍വ്വീസ് റദ്ദാക്കിയതുമെല്ലാം യാത്രക്കാരുടെ കുറവ് മൂലമെന്നാണ് സൂചന.