WEB MAGAZINEARTICLES

അരങ്ങിൽനിന്ന് തെരുവിലേക്ക്

കെ ടി മനോജ്
2017 ജനുവരി 20, എല്ലാ വഴികളും അമേരിക്കയിലേക്ക് മാത്രം എത്തിച്ചേരുകയും എല്ലാ കണ്ണുകളും അമേരിക്കയെ മാത്രം ഉറ്റുനോക്കുകയും ചെയ്ത ദിവസം. ലോകം മുഴുവൻ സ്വീകാര്യനായ അമേരിക്കൻ പ്രസിഡൻ്റ് ബാരക് ഒബാമ അധികാരത്തിൽ നിന്ന് ഒഴിയുകയും അതേ സ്ഥാനത്ത് പുതിയ പ്രസിഡണ്ട് ഡോനാൾഡ് ട്രംപ് അവരോധിക്കപെട്ടുന്നതും കാത്ത് ലോക മാധ്യമങ്ങൾ ഉത്സാഹത്തോടെയും ആശങ്കയോടെയും കാത്തിരുന്ന സമയം,
അമേരിക്കയുടെ തെരുവുകളിൽ രണ്ട് പ്രധാനപ്പെട്ട പ്രതിക്ഷേധങ്ങൾ നടക്കുകയായിരുന്നു. വർഗീയത, സെക്സിസം, അടിച്ചമർത്തൽ, യുദ്ധം തുടങ്ങിയ മാനവിക വിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കുവാൻ അന്നാട്ടിലെ സ്ത്രീകൾ ചരിത്രത്തിലെ ഏറ്റവും വലിയ ജാഥ സംഘടിപ്പിച്ചു. അതേസമയം അഭിപ്രായ സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ മൂല്യങ്ങൾ പുതിയ പ്രസിഡൻ്റിൻ്റെ കയ്യിൽ സുരക്ഷിതമാകില്ല എന്നുറപ്പുള്ള കലാകാരന്മാർ J20 എന്ന പേരിൽ രാജ്യത്താകമാനം പ്രകടനങ്ങൾ നടത്തി. ആർട്ട് ഗ്യാലറികൾ, മ്യൂസിയങ്ങൾ, തീയറ്ററുകൾ, ഓപ്പറകൾ തുടങ്ങിയ കലാസാംസ്കാരിക സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചുപൂട്ടിക്കൊണ്ടാണ് സമരങ്ങൾ നടന്നത്. എഴുത്തുകാരും കലാകാരന്മാരും ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളും സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്  മുന്നണിയിൽ വന്നു. നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തോടെ നടന്ന സമരം അമേരിക്കൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു.
കലാകാരന്മാർ  സാമൂഹിക വ്യവസ്ഥിതിക്ക് എതിരെ നടത്തുന്ന ആദ്യ സമരമല്ല j 20. അതിൻ്റെ വേരുകൾ പതിറ്റാണ്ടുകൾ പുറകോട്ട് പടർന്നു കിടക്കുന്നതാണ്. 1970 മെയ് 22ന്  പ്രസിഡൻ്റ് നിക്സൺ വിയറ്റ്നാം യുദ്ധം കമ്പോഡിയയിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ച സമയം ന്യൂയോർക്കിലെ ലക്ഷക്കണക്കിന് വരുന്ന കലാകാരന്മാർ ഭരണകൂടത്തിനെതിരെ തെരുവിൽ അണിനിരന്നു. ലോകംകണ്ട ഏറ്റവും വലിയ ആർട്ടിസ്റ്റ് സമരമായിരുന്നു അത്. അതിനുശേഷവും കലാകാരന്മാർ ഒറ്റയ്ക്കും കൂട്ടമായും വ്യവസ്ഥിതികളെ ചോദ്യം ചെയ്തുപോന്നു. കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടക് സംഗീതനാടക അക്കാദമിയുടെ മുന്നിൽ നടത്തിയ 27 ദിവസം നീണ്ടുനിന്ന സമരം ഇത്തരത്തിലുള്ള സമരങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ ഒന്നാണ്.
കലയും സമൂഹവും
ലഭ്യമായ തെളിവുകൾ നിരത്തി പരിശോധിച്ചാൽ ലോകനാടക ചരിത്രം ഒന്നാം നൂറ്റാണ്ട് മുതൽ ഒഴുകിപ്പരന്ന് മഹാസമുദ്രം പോലെ സമൃദ്ധമായ ഒന്നാണ്.അത്രയൊന്നും എളുപ്പമായിരുന്നില്ല നാടകത്തിൻ്റെ വികാസവും പരിണാമവും. മാറിവരുന്ന വ്യവസ്ഥിതികളോട് നിരന്തരം കലഹിച്ചും യുദ്ധം ചെയ്തുമാണ് നാടകം സ്വയം ഉരുത്തിരിഞ്ഞ് ഇപ്പോൾ കാണുന്ന നടകമായി പരിണമിച്ചത്.കേരളത്തിലെ നാടക പ്രവർത്തനങ്ങൾക്കും അതിഗംഭീരമായ ചരിത്രമാണ് പറയാനുള്ളത്. തമിഴ് സംഗീത നാടകവുമായി ഇഴപിരിഞ്ഞുകിടന്ന മലയാള നാടകം നവോത്ഥാന കാലഘട്ടത്തിൽ ശക്തമായ ഇടപെടലുകൾ നടത്തി വ്യവസ്ഥിതികളോട് സമരം ചെയ്തു. വി ടിയുടെ അടുക്കളയിൽനിന്നും അരങ്ങത്തേക്ക്, കെ ദാമോദരൻ്റെ പാട്ടബാക്കി, എം ആർ ബി യുടെ മറക്കുടക്കുള്ളിലെ മാഹാനഗരം തുടങ്ങിയ നാടകങ്ങൾ നവോത്ഥാന പ്രവർത്തനങ്ങൾക്ക് കരുത്തും ദിശാബോധവും നൽകുന്നതിലും ജനങ്ങളുടെ  ഉള്ളിലെ അഗ്നി ആളിക്കത്തിക്കുന്നതിലും കാര്യമായ പങ്കുവഹിച്ച നാടകങ്ങളാണ്. മലയാളിയുടെ കലാസംസ്കാരത്തെ നിർവചിക്കാൻപോന്ന മാധ്യമമായി നാടകം മാറിയത് അങ്ങനെയാണ്. മനുഷ്യരുടെ ചിന്തകളെയും ധൈഷണീക മണ്ഡലത്തേയും ഉത്തേജിപ്പിക്കാൻ പ്രാപ്തമായ പദ്ധതിയായിരുന്നു നാടകം. നാടകവും നാടക സംസ്കാരവും കേരളത്തോട് ചെയ്തത് രണ്ടുവാക്കിൽ ചുരുക്കിയാൽ ‘ ചിന്തിക്കാനും ചോദ്യംചെയ്യാനും’ പഠിപ്പിച്ചു എന്ന് നിസംശയം പറയാൻ കഴിയും.
കലയിലെ അസമത്വവും ചെറുത്തുനിൽപ്പുകളും.
സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അസമത്വങ്ങളും പീഡനങ്ങളും ചർച്ചചെയ്യാൻ  തുടങ്ങിയപ്പോഴാണ് പാട്രിയാർക്കി എന്ന ഇംഗ്ലീഷ് വാക്ക് മലയാളി അധികമായി കേൾക്കാൻ തുടങ്ങിയത്. സിനിമയിലെ പുരുഷ മേധാവിത്വത്തിനെതിരെ ഒരുകൂട്ടം സ്ത്രീകൾ സംസാരിച്ചു തുടങ്ങുന്നതും wcc എന്ന സംഘടനക്ക് രൂപംകൊടുക്കുന്നതും സാംസ്കാരിക കേരളം ആവേശത്തോടെ നോക്കിക്കണ്ട പ്രധാനപ്പെട്ട മുന്നേറ്റമാണ്. ഒറ്റപ്പെട്ടതെങ്കിലും ശ്രദ്ധേയമായ മീ ടൂ വെളിപ്പെടുത്തലുകളിലൂടെ നടികൾ കലാരംഗത്തുള്ള സ്ത്രീ പീഡനങ്ങളെ തുറന്നുകാട്ടി. ഇടക്കാലത്ത് നിലച്ചുപോയ നവോത്ഥാന ശ്രമങ്ങളെ വീണ്ടും ചലനാത്മകമാക്കാൻ ഇത്തരം പ്രതിഷേധങ്ങൾ വീണ്ടും കാരണമായി. സത്യാനന്തരകാലത്തെ നവോത്ഥാനം മതങ്ങൾക്കുള്ളിലെ നവീകരണത്തിൽ മാത്രം ലഘൂകരിക്കാതെ സമൂഹത്തിൻ്റെ സമഗ്രമേഖലയിലുമുള്ള ഉടച്ചുവാർക്കലുകളിൽ കലാശിക്കണം എന്നതാണ് പുത്തൻ തലമുറയുടെ ആവശ്യം.
യോഗി ആദിത്യനാഥിൻ്റെ യുപിയിലെ ഹത്രാസ് എന്ന സ്ഥലത്ത് പീഡിപ്പിക്കപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം പോലീസ് അതീവ രഹസ്യമായി ചുട്ടെരിച്ച അതേദിവസമാണ് ഡോ: ആർ എൽ വി രാമകൃഷ്ണൻ എന്ന കലാകാരനോട് സംഗീത നാടക അക്കാദമി അപഹാസ്യമായി പെരുമാറിയത്. കോവിഡ് കാലഘട്ടത്തിൽ കലാകാരന്മാരുടെ സർഗാത്മക പ്രവർത്തങ്ങൾക്ക് വേദികൾ ലഭ്യമല്ല എന്നതിനാൽ സംഗീതനാടക അക്കാദമി ‘സർഗഭൂമി ‘ എന്ന പേരിൽ ഓൺലൈൻ വേദികൾ സൃഷ്ടിക്കുമ്പോഴാണ് ഏറെ വിവാദം ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് കേരളം സാക്ഷ്യംവഹിക്കുന്നത്. സർഗഭൂമികയിൽ പങ്കെടുക്കാൻ അവസരം ചോദിച്ച ഡോ : രാമകൃഷ്ണന് തിരസ്കരണവും ക്രൂരമായ അവഹേളനവുമാണ് സഹിക്കേണ്ടിവന്നത്. മോഹിനിയാട്ടത്തിൽ എംഫിലും പി എച്ച് ഡിയും നേടിയ അദ്ദേഹത്തോട് അക്കാദമി ഭാരവാഹികൾ ഉയർത്തിയ തർക്കം സാംസ്കാരിക കേരളത്തിന് ചേർന്നതല്ല. പുരുഷന്മാർ മോഹിനിയാട്ടം കളിക്കേണ്ടതുണ്ടോ എന്ന ബാലിശമായ ചോദ്യം ചോദിക്കുമ്പോൾ കലാകാരന്മാരെ തിരഞ്ഞെടുക്കാൻ അക്കാദമി പുലർത്തുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണ് എന്ന മറുചോദ്യമാണ് കൂടുതൽ ചേരുന്ന ഉത്തരം.
അക്കാദമി സെക്രട്ടറി ഡോ: രാമകൃഷ്ണനെ ക്രൂരമായി പരിഹസിച്ച് മടക്കിയച്ചതിൻ്റെ അടുത്ത ദിവസം രാജ്യത്ത് ചരിത്രപ്രധാനമായ ഒരുസംഭവും നടന്നു. 2020 സെപ്റ്റംബർ മുപ്പതിന് വന്ന ബാബറി മസ്ജിദ് വിധിയിൽ ലക്നൗ സിബിഐ കോടതി പ്രതികളെയെല്ലാം നിരുപാധികം വിട്ടയച്ചു. അങ്ങനെ പകൽവെളിച്ചത്തിൽ രാജ്യത്ത് നടന്ന ഏറ്റവും വലിയ അനീതിക്ക് തെളിവുകൾ ഇല്ല എന്ന വിവരം കോടതി ജനങ്ങളെ അറിയിച്ചു. അധികാര കേന്ദ്രങ്ങൾക്കെതിരെ തെളിവുകൾ നിരത്തി കുറ്റം തെളിയിക്കാൻ സാധാരണ പൗരന് കഴിയില്ല, കാരണം അത് തീർത്തും വർഗപരമായ സമരമാണ്. അതേ തിരിച്ചറിവിൽനിന്നുകൊണ്ടാവണം ഒക്ടോബർ മൂന്നാം തിയതി ഡോ: രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്. തനിക്ക് നേരിട്ട അവഹേളനം ജാതീയമാണ് എന്ന് പലവട്ടം ന്യൂസ് ചാനലുകളിലും നവമാധ്യമങ്ങളിലും ആവർത്തിച്ചുകൊണ്ടാണ് അദ്ദേഹം നീതിക്കായി സമരം ചെയ്തത്. കേരളത്തിലെ അറിയപ്പെടുന്ന കലാകാരന് നേരിട്ട ബുദ്ദിമുട്ടുകളാണ് ഇവ എന്നത് സാന്ദർഭികമായി ഓർക്കേണ്ടതുണ്ട്.
സമീപകാലത്ത് കലാകാരന്മാരോട് അക്കാദമികൾ കാണിക്കുന്ന വേർതിരിവ് രാജ്യത്ത് അർബുദം പോലെ വ്യാപിച്ചിരിക്കുന്ന നവഹിന്ദുത്വ ഫാസിസത്തിൻ്റെ അടയാളപ്പെടുത്തൽ കൂടിയാണ്.2018 ൽ അശാന്തൻ എന്ന ചിത്രകാരൻ്റെ മൃതദേഹത്തോട് കേരളത്തിലെ സവർണ ഹിന്ദുത്വം കാണിച്ചത് ക്രൂരമായ പരിഹാസമാണ്. ആശാന്തൻ്റെ ഭൗതികശരീരം കേരള ലളിതകലാ അക്കാദമിയുടെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കുന്നത് തടഞ്ഞ ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തോട് എതിരില്ലാതെ അനുഭാവം പ്രകടിപ്പിച്ച ലളിതകലാ അക്കാദമിയും വിമർശിക്കപ്പെടേണ്ടത് തന്നെയാണ്.
ഡോ: ആർ എൽ വി രാമകൃഷ്ണനും അശാന്തനും ആക്രമിക്കപ്പെട്ട നടിക്കും സംഭവിച്ച നീതിനിഷേധം കേരളത്തിലെ ഏതൊരു കലാകാരനും സംഭവിക്കാൻ സാധ്യതയുള്ള ഉള്ള കാര്യമാണ്. കാരണം ഫാസിസം സംഘടനകളിൽനിന്നും അരിച്ചിറങ്ങി വ്യക്തികളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അധികാരകേന്ദ്രങ്ങളിൽ എല്ലാം ഇതിൻ്റെ ബഹുസ്‌പുപൂരണങ്ങൾ കാണുവാൻ സാധിക്കും.
നാടകിൻ്റെ സമരം
ഡോക്ടർ ആർ എൽ വി രാമകൃഷ്ണന് നീതി ലഭിക്കണമെന്ന ആവശ്യവുമായി നാടക് കേരള സംഗീതനാടക അക്കാദമിയുടെ മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങുമ്പോൾ അത് ഇന്ത്യൻ ചരിത്രത്തിൽ കലാകാരന്മാർ നടത്തുന്ന ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ സമരമായി മാറുകയായിരുന്നു. ഇരുപത്തിയേഴ് ദിവസം നീണ്ട സമരം അക്കാദമി കലാകാരന്മാരോട് കാണിക്കുന്ന  വിവേചനങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി മാറി.അതിസങ്കീർണമായ ചുറ്റുപാടുകളിലൂടെ ലോകം സാമൂഹിക അകലങ്ങളിലേക്ക് ചുരുങ്ങി നിൽക്കുമ്പോൾ സഹകലാകാരന്മാർക്ക്  ഐക്യദാർഢ്യവുമായി കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന നാടകപ്രവർത്തകർ സമരത്തിൽ കണ്ണികളായി.അക്കാദമിയുടെ ഗേറ്റിന് മുന്നിൽ മാത്രം ഒതുങ്ങി പോയതായിരുന്നില്ല നാടക് കൊളുത്തിവെച്ച പ്രതിഷേധാഗ്നി. തെരുവുനാടങ്ങളായും വരയും ആട്ടവും പാട്ടുമായും കേരളത്തിലെ എല്ലാ തെരുവുകളിലും അത് പടർന്നുപിടിച്ചപ്പോൾ നവമാധ്യമങ്ങളിലൂടെ സമരത്തിന് കൂടുതൽ ദൃശ്യത ലഭിച്ചു.
ഭരണകൂടത്തിൻ്റെ വ്യവസ്ഥിതികൾക്കെതിരെ സമരം ചെയ്യുക എന്നത് എക്കാലവും ദുർഘടമായ കാര്യമാണ്. നൂറ്റിനാല്പത്തിനാലും കോവിഡ് പ്രോട്ടോക്കോളും നിലനിൽക്കുന്ന സാഹചര്യത്തിൽ അത് കൂടുതൽ ബുദ്ധിമുട്ടാണ്. ഇന്ത്യയിലെ ജയിലുകൾ രാഷ്ട്രീയത്തടവുകാരെക്കൊണ്ട് നിറയ്ക്കുന്നതിന് ഭരണകൂടം അക്ഷീണം പദ്ധതികൾ മെനയുകയാണ്. പ്രതിഷേധക്കാരുടെ ഇടയിൽനിന്നും ഉണ്ടായേക്കാവുന്ന ചെറിയ നീക്കങ്ങളെ പോലും അടിച്ചമർത്താൻ വമ്പൻ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കൊറോണക്കാലത്തും രാജ്യം അരക്ഷിതമാണ്. സോഷ്യൽ മീഡിയയിലൂടെയുള്ള ഭരണകൂട വിമർശനം നേരിടാൻ സംസ്ഥാനത്ത് 118A എന്ന കരിനിയമം പ്രാബല്യത്തിൽ വരുത്തുവാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.വിമതശബ്ദങ്ങൾ ഉണ്ടാകരുത് എന്ന് ഓരോ സർക്കാരും ആഗ്രഹിക്കുന്നു.
കേരളം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറാവുകയാണ്.
സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ വ്യാപകമായ പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ട്.
ഇതിൽ നിന്നും വിഭിന്നമായി നാടക് നടത്തിയ ജനകീയ സമരം കേവലം ഭരണപക്ഷത്തിന് എതിരെയുള്ള സമരമായിരുന്നില്ല,മറിച്ച് ഒരിക്കലും മാറാത്ത സാമൂഹിക വ്യവസ്ഥിതിക്കെതിരെയും അക്കാദമികളുടെ മൂല്യച്യുതികൾക്കെതിരെയുമുള്ള ശക്തമായ നിലപാടറിയിക്കലായി ഇതിനെ കണക്കാക്കാവുന്നതാണ്.
2019 ഡിസംബർ മാസമാണ് നാടക് എന്ന സംഘടന അതിൻ്റെ ഒന്നാം സംസ്ഥാന സമ്മേളനം എറണാകുളത്ത് വിളിച്ചുചേർക്കുന്നത്. മുപ്പത് ലക്ഷത്തോളം വരുന്ന മുസ്ലിം ജനങ്ങൾ പൗരത്വം ഇല്ലാതെ ഇന്ത്യയിൽ നിന്നും പുറത്താകും എന്ന വാർത്ത കേട്ട് രാജ്യം വിറങ്ങലിച്ചുനിന്ന സമയം, പ്രതിഷേധക്കാരെ അവരുടെ വേഷം കണ്ട് തിരിച്ചറിയാം എന്ന് പ്രധാനമന്ത്രി വർഗീയ പ്രസംഗം നടത്തിയ സമയം,
ഷഹീൻബാഗിൽ സ്ത്രീകളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ശക്തമായ സമരങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുമ്പോൾ നാടക് സമ്മേളനത്തിൻ്റെ അവസാന ദിവസം നടന്ന ലോങ്ങ് മാർച്ചിൽ കേന്ദ്രസർക്കാരിൻ്റെ ഭരണഘടനാ വിരുദ്ധ ബില്ലിനെതിരെയുള്ള പ്ലോട്ടുകളും ലഘു നാടകങ്ങളുംകൊണ്ട് കലാകാരന്മാർ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്ത് അങ്ങോളം ഇങ്ങോളം നടക്കുന്ന ജനകീയ സമരങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചു.രാഷ്ട്രീയ പാർട്ടികൾ ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ മടിച്ചുനിൽക്കുമ്പോഴാണ് ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളും കലാകാരന്മാരും സമരമുഖത്ത് സജീവമായത്.
സംസ്ഥാനത്ത് അപ്രഖ്യാപിത രണ്ടാം വിമോചന സമരം നടന്നുകൊണ്ടിരിക്കുകയാണ്.
ഇടതുപക്ഷ സർക്കാർ തുടർഭരണം നേടിയാൽ അത് പ്രതിപക്ഷ പാർട്ടിക്ക് കാര്യമായ ആഘാതം ഉണ്ടാകും.അതുകൊണ്ട് അവരുടെ സമരങ്ങൾ ഇക്കുറി കൂടുതൽ തീവ്രമാണ്.
ഇടതുപക്ഷത്തിൻ്റെ പ്രതിരോധവും അത്രതന്നെ ശക്തമാണ്. നിയന്ത്രണങ്ങളിൽ അയവുവരുത്തിക്കൊണ്ട് ആരാധനാലയങ്ങളും പൊതുഗതാഗതവും സൂപ്പർ മാർക്കറ്റുകളും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയും വിവാഹം, മരണം തുടങ്ങിയ ആവശ്യങ്ങൾക്ക് നിയന്ത്രണങ്ങളോടെ അൻപത് പേർക്ക് പങ്കെടുക്കാം എന്ന ഇളവുകൾ നിലനിൽക്കുമ്പോഴുമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നൂറ്റിനാൽപ്പത്തിനാല് പ്രഖ്യാപിക്കുന്നത്.
ഇത് സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ നടന്നുവന്ന ഭരണകൂടവിരുദ്ധ സമരങ്ങളെ അടിച്ചമർത്താനുള്ള രാഷ്ട്രീയ തന്ത്രമായിരുന്നു എന്ന് ന്യായമായും സംശയിക്കാം.ഇത്രയധികം പ്രതികൂലസാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ് കലാകാരന്മാരുടെ സമരം പലവിധ രാഷ്ട്രീയ സമ്മർദ്ദങ്ങളെ അതിജീവിച്ച് നടന്നത്.ഇരുപത്തിനാല് ദിവസത്തെ സമരത്തിന് ശേഷമാണ്  സംഘടനയെ മന്ത്രി എ കെ ബാലൻ ചർച്ച ക്ഷണിക്കുന്നത്. നാടക് ഭാരവാഹികൾ അവർ ഉയർത്തിയ മുദ്രാവാക്യങ്ങളിൽ ഉറച്ചു നിന്നപ്പോൾ ചർച്ച നിരാശാജനകമായിരുന്നു. ആർ എൽ വി രാമകൃഷ്ണനോട് അക്കാദമി കാണിച്ച നെറികേടുകൾ അപ്പോഴും ഉത്തരം കിട്ടാതെ അവശേഷിച്ചു.
തുടരുന്ന സമരങ്ങൾ.
ഫാസിസം രാജ്യത്തെ ജനങ്ങളെ കൊന്നുതള്ളുകയാണ്. ഹത്രാസിലെ പെൺകുട്ടിയുടെ ചിത ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിൽനിന്നും ദീപം തെളിച്ച് രാജ്യം ദീപാവലിയും ആഘോഷിച്ചു.നിഷേധിക്കപ്പെട്ട നീതി ഒരു വ്യക്തിയുടെ മാത്രം നഷ്ടമല്ല, മറിച്ച് ഫാസിസ്റ്റ് കാലത്ത് ഏതൊരു വ്യക്തിക്കും സംഭവിക്കാവുന്നതാണ്. മനുഷ്യാവകാശ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ഭരണകൂടം നിർദാക്ഷിണ്യം വേട്ടയാടുകയാണ്.ഭരണാധികാരികൾ കള്ളം പറയുമ്പോൾ സാധാരണ പൗരന്മാർ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത്. രോഹിത് വെമൂല എന്ന ചെറുപ്പക്കാരൻ ആത്മഹത്യചെയ്തു ആർ വി രാമകൃഷ്ണൻ ആത്മഹത്യക്കു ശ്രമിച്ചുകൊണ്ടാണ് നീതിക്കുവേണ്ടി പോരാടിയത്.
നാടകിൻ്റെ സമരം പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് നിർത്തിവെച്ചിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. ജനങ്ങൾ ആർ എൽ വി രാമകൃഷ്ണനെയും അദ്ദേഹത്തിന് ഉണ്ടായ നീതി നിഷേധത്തേയും മറന്നുതുടങ്ങി. ഇരകളുടെ സ്ഥാനത്ത് പുതിയ ആളുകൾ എത്തിച്ചേരും. വേട്ടക്കാർ മാത്രം മാറ്റങ്ങൾ ഇല്ലാതെ തുടരും. ഒരു സമൂഹവും അവിടുത്തെ അധികാരികളും കാലങ്ങളായി ഇങ്ങനെയാണ്. ഒരേ അച്ചുകൂടത്തിൽ തീർത്ത  കളിപ്പാവകളെപോലെ വിവിധ രാഷ്ട്രീയ പാർട്ടികളും നേതാക്കളും മനുഷ്യവേട്ട നടത്തുമ്പോൾ പ്രതിരോധം ഉണ്ടാകുന്നത് ജനങ്ങൾക്കിടയിൽനിന്നുമാണ്. നാടക് നടത്തിയത് പോലെയുള്ള ജനകീയ മുന്നേറ്റങ്ങളിലാണ് സമൂഹത്തിൻ്റെ പ്രതീക്ഷ. നാം തോറ്റു പോയ ഒരു ജനതയല്ലെന്ന് ഓർമ്മപ്പെടുത്തുന്നത് ഇത്തരം ശക്തമായ ചെറുത്തുനിൽപ്പുകളിലൂടെയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker