BREAKINGKERALA

അരളി ഇലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കള്‍; ഗൃഹനാഥന്‍ മരിച്ചു

കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ ചെന്ന് ഗൃഹനാഥന്‍ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരന്‍(63) ആണ് മരിച്ചത്. അരളിയിലയിലെ വിഷാംശം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന സംശയം ഉയരുന്നുണ്ട്. വിദ്യാധരന്‍ അരളിയിലയുടെ ജ്യൂസ് കഴിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നേരത്തേ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രന്‍ അരളിപ്പൂവ് കഴിച്ച് മരിച്ചിരുന്നു. മെഡിക്കല്‍ പഠനത്തിനായി യു കെയിലേക്ക് പോകാനിറങ്ങിയ സൂര്യ ഫോണ്‍ ചെയ്യുന്നതിനിടെ വീട്ടുമുറ്റത്തെ അരളി ചെടിയുടെ ഇലയും പൂവ് വായിലിട്ട് ചവച്ചിരുന്നു. പെട്ടെന്ന് തുപ്പിക്കളഞ്ഞെങ്കിലും വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ പെണ്‍കുട്ടിക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് അരളിപ്പൂവിന്റെ അപകടം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു.
അരളി പൂത്ത് നില്‍ക്കുന്നത് കാണാന്‍ ഏറെ ഭംഗിയുണ്ടെങ്കിലും അരളിയുടെ എല്ലാ ഭാഗവും വിഷാംശം ഉള്ളതാണെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നുള്ള ഒരു കുറ്റിച്ചെടിയാണ് അരളി. നീരിയം ഒലിയാന്‍ഡര്‍ എന്നാണ് അരളിയുടെ ശാസ്ത്രീയനാമം. അപ്പോസയനേസിയേ കുടുംബത്തില്‍പ്പെട്ട ഈ ചെടിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷമാണ്. പാല്‍പോലുള്ള ഒലിയാന്‍ഡ്രിലിന്‍ എന്ന രാസവസ്തു ശരീരത്തിലെത്തിയാല്‍ ഛര്‍ദിയും ദേഹാസ്വസ്ഥ്യവും ഉണ്ടാകുന്നു. ഹൈപ്പോ ടെന്‍ഷന്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്കും നയിക്കാം.
പല ക്ഷേത്രങ്ങളും അരളിപ്പൂവ് നിവേദ്യത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പത്ത് വര്‍ഷം മുന്‍പ് തന്നെ അരളിപ്പൂവിനെ നിവേദ്യപൂജയില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.

Related Articles

Back to top button