ഇഡി കേസിലെ ജാമ്യ ഹര്‍ജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെ അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. തിഹാര്‍ ജയിലില്‍ എത്തി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ സിബിഐ അന്വേഷണം നടന്നു വരുന്നതിനിടെയാണ് കള്ളപ്പണയിടപാട് അന്വേഷിക്കാന്‍ ഇഡി രംഗത്തെത്തിയത്. സിബിഐ അറസ്റ്റ് ചെയ്തതോടെ ബുധനാഴ്ച കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം നല്‍കിയാലും അദ്ദേഹത്തിന് ജയിലിന് പുറത്തിറങ്ങാനാവില്ല.
ജാമ്യത്തിന് ഇടക്കാല സ്‌റ്റേ നല്‍കിയ ഹൈക്കോടതി നടപടിക്കെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ബുധനാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഡല്‍ഹി റൗസ് അവന്യൂ കോടതി നല്‍കിയ ജാമ്യം ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. മദ്യനയ അഴിമതിക്കേസില്‍ ഇഡിയുടെ പക്കല്‍ തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ഇടക്കാല സ്‌റ്റേ നല്‍കിയ സംഭവത്തില്‍ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.
സിബിഐ നടപടിയില്‍ വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. കെജ്രിവാളിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് ബിജെപി നീക്കമെന്ന് എഎപി പറഞ്ഞു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് കെജ്രിവാള്‍ നേരത്തേ പറഞ്ഞിരുന്നു.