WEB MAGAZINEPOEM

അരിക് പൊട്ടിയ അക്ഷരങ്ങള്‍ (കവിത )

അവശേഷിച്ച
ആ ഒരു മനുഷ്യന്‍
പടി കടന്ന്
മ്യൂസിയത്തിലേക്ക് കയറി .

അവിടെ അഞ്ച് ശില്പങ്ങള്‍

ഒന്നാമന്‍
കയ്യില്‍ സഹപാഠിയുടെ
ചോര പൂരണ്ട വാളുമായി
വിയര്‍ക്കുന്നു
അവന്റെ വിയര്‍പ്പിന്
ചുവപ്പുനിറം അന്യമായ
ചോരയുടെ ഗന്ധം.

രണ്ടാമന്‍
വൃദ്ധമാതാപിതാക്കളെ
ജീവനോടെ കുഴിച്ചു മൂടുന്നു
ഭൂമി പിളര്‍ന്ന് ഒരുറവ
അവനെ തഴുകുന്നു,
അതില്‍ നനയാതെ
മണ്ണിട്ടു മൂടുന്നു.

മൂന്നാമന്‍
ഭൂമിക്കു മുകളില്‍
മൂന്ന് വാളുകള്‍ തൂക്കുന്നു.
യുദ്ധം
ജൈവായുധം
ആണവായുധം എന്നിങ്ങനെ
ജല്പനങ്ങള്‍ മുഴക്കുന്നു.

നാലാമന്‍
മഴ കുടിച്ച് തീര്‍ത്ത്
മരങ്ങള്‍ കടപുഴക്കുന്നു
പ്രളയമായി
ഓക്കാനിക്കുന്നുമുണ്ട്.
കാലിനടിയില്‍
ഒരു മല ശ്വാസം നിലച്ച്
ഞെരിഞ്ഞമരുന്നു.

അഞ്ചാമന്‍
സാലഭഞ്ജികമാരെ
കാവല്‍ നിര്‍ത്തിയ
അന്തഃപ്പുരങ്ങളില്‍
യഥേഷ്ടം വിഹരിച്ച്
കുഞ്ഞു പൈതങ്ങളില്‍
രതിശില്പം കടയുന്നു.

പുറത്തേക്കുള്ള
വാതിലുകള്‍ തേടി
അയാള്‍ കിതച്ചു.
ചുവരുകള്‍ നിറയെ
നൂറില്‍ നൂറെന്ന്
രേഖപ്പെടുത്തിയ
പ്രോഗ്രസ്സ് കാര്‍ഡുകള്‍.

കാറ്റ് കടക്കാത്ത
ജാലകം
തല്ലിത്തകര്‍ത്ത്
പുറത്തേക്ക് ഓടി

ഇനിയൊരിക്കലും
അതുവഴി
വരാതിരിക്കാന്‍
പ്രവേശനകവാടം
താഴിട്ടുപൂട്ടി
അതിനുമുകളില്‍
‘സ്‌കൂള്‍’ എന്ന്
രേഖപ്പെടുത്തിയിരുന്നു.

ഡോ. ലയ ശേഖര്‍

Related Articles

Back to top button